ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ബി.ആര്‍.എസ്. നേതാവും മുന്‍ തെനങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിതയെ മാര്‍ച്ച് 23 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി ചട്ടങ്ങളെ കാറ്റില്‍ പറത്തിയാണ് ഇ.ഡി അറസ്റ്റ് നടത്തിയതെന്നും ഡല്‍ഹി റോസ് ഗാര്‍ഡന്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കവിത ആരോപിച്ചു.
മദ്യവ്യാപാരത്തിന് സഹായം കിട്ടാന്‍ കവിതയ്ക്ക് ബിനാമി നിക്ഷേപമുള്ള കമ്പനി ഡല്‍ഹി ഭരിക്കുന്ന എ.എ.പിക്ക് 100 കോടി കൈക്കൂലി നല്‍കിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. എന്നാല്‍ അധികാര ദുര്‍വിനിയോഗത്തിന്റെ ഉത്തമ ഉദാഹരണമാണ് കവിതയുടെ അറസ്റ്റെന്ന് കവിതയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വിക്രം ചൗധരി ആക്ഷേപിച്ചു.
നേരത്തെ കവിതയുടെ ഹൈദരാബാദിലെ വസതിയില്‍ ഇ.ഡി. പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച ഹൈദരാബാദിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്്. നേരത്തെ രണ്ടുതവണ ഹാജരാകാന്‍ ആവശ്യപ്പെട്ട് കവിതയ്ക്ക് ഇ.ഡി. സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍, കവിത ഹാജരായിരുന്നില്ല.
കെ. കവിത, രാഗവ് മകുന്ത, എം.എസ്. റെഡ്ഡി, ശരത് റെഡ്ഡി എന്നിവരുടെ പങ്കാളിത്തത്തിലുള്ള സൗത്ത് ഗ്രൂപ്പ് എ.എ.പിയുടെ വിജയ് നായര്‍ക്ക്് 100 കോടി നല്‍കിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കവിതയുടെ നീക്കങ്ങളെല്ലാം കേസില്‍ പ്രതിയായ അരുണ്‍ രാമചന്ദ്രനെ മുന്‍നിര്‍ത്തിയായിരുന്നു. ഇവരുടെ ഇന്തോ സ്പിരിറ്റ് കമ്പനിയില്‍ 65 ശതമാനം ഓഹരി പങ്കാളിത്തം കവിതയ്ക്കുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
100 കോടി കോഴ നല്‍കിയ സൗത്ത് ഗ്രൂപ്പിന് മദ്യവിതരണത്തിനുള്ള മൊത്തവ്യാപാര അനുമതിയും ഒട്ടേറെ റീട്ടെയില്‍ സോണുകളും അനുവദിച്ചുകിട്ടി എന്നും ഇ.ഡി. പറയുന്നു. അതേസമയം, മാര്‍ച്ച് 19-ന് കേസ് പുനഃപരിശോധിക്കാനിരിക്കെ തിടുക്കത്തില്‍ കവിതയെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് കവിതയുടെ സഹോദരനും മുന്‍ തെലങ്കാന മന്ത്രിയുമായ കെ.ടി. രാമറാവു ആരോപിച്ചു.