ന്യൂഡല്‍ഹി: വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാകുമെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദത്തെ തള്ളി ദല്‍ഹി ഹൈക്കോടതി. വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും മറ്റും കൂടിയാലോചിച്ച ശേഷം മാത്രമേ നിലപാട് സ്വീകരിക്കൂ എന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. കോടതിയോട് വിഷയം കൈകാര്യം ചെയ്യുന്നത് മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ അത് നടക്കില്ല. വിഷയത്തില്‍ അതെ അല്ലെങ്കില്‍ അല്ല എന്ന് പറയാന്‍ കേന്ദ്രം തയാറാവണമെന്നും ഹൈക്കോടതി പറഞ്ഞു.
ഐ.പി.സി 375-ാം വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് രണ്ട് എന്‍.ജി.ഒകളും ആര്‍.ഐ.ടി ഫൗണ്ടേഷനും ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷനുമുള്‍പ്പടെ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ഭാര്യക്ക് 15 വയസ്സിന് മുകളില്‍ പ്രായമുണ്ടെങ്കില്‍, സ്വന്തം ഭാര്യയുമായി ഒരു പുരുഷന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നുണ്ടോ. നിലവിലെ നിയമം ഭര്‍ത്താവിന്റെ ദാമ്പത്യാവകാശങ്ങളെ അനുകൂലിക്കുന്നുണ്ടോയെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്.
എല്ലാ സംസ്ഥാനങ്ങളിലും നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത് വരെ വിഷയം മാറ്റിവയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരസിച്ച കോടതി വിധി പറയാന്‍ മാറ്റിവെച്ചു. മാര്‍ച്ച് രണ്ടിലേക്കാണ് കേസ് മാറ്റിയത്. അതുവരെ കേസുമായി ബന്ധപ്പെട്ട് പറയാനുള്ള കാര്യങ്ങള്‍ രേഖാമൂലം കോടതിയില്‍ അറിയിക്കാന്‍ എല്ലാ കക്ഷികള്‍ക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
ഈ വിഷയത്തിന് രാജ്യത്ത് സാമൂഹിക-നിയമ പ്രത്യാഘാതങ്ങള്‍ ഉണ്ടെന്നും സംസ്ഥാന സര്‍ക്കാരുകളുമായി ഉള്‍പ്പെടെ കൂടിയാലോചന ആവശ്യമാണെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ തുഷാര്‍ മേത്ത പറഞ്ഞു. വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം നേരത്തെ അനുവദിച്ചിരുന്നു.