കുഞ്ഞുമായി വരുന്നത് കാത്തിരുന്ന വീട്ടിലേക്ക് ആര്യ എത്തിയത് വെള്ളപുതച്ച്; പൂര്‍ണഗര്‍ഭിണിയുടെ മരണം ചികിത്സാപിഴവ് കാരണമെന്ന് കുടുംബം, 24കാരിയുടെ മരണത്തില്‍ പ്രതിഷേധം

നെടുമങ്ങാട്: പൂര്‍ണഗര്‍ഭിണിയായ ആര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റാക്കുമ്പോഴും കുഞ്ഞിനേയും കൊണ്ടവള്‍ തിരിച്ചെത്തുന്ന ദിവസത്തെ കുറിച്ചോര്‍ത്ത് സന്തോഷത്തിലായിരുന്നു കുടുംബം ഒന്നാകെ. എന്നാല്‍ 24കാരിയായ ആര്യയെ വെള്ളപുതച്ച് വീട്ടിലെത്തിച്ചതിന്റെ ഞെട്ടലിലാണ് ഭര്‍ത്താവ് അരുണും കുടുംബാംഗങ്ങളും.

പ്രസവത്തെ തുടര്‍ന്ന് വെള്ളനാട് ചാങ്ങ തെക്കുംകര പുത്തന്‍വീട്ടില്‍ അരുണിന്റെ ഭാര്യ ആര്യ (24)യാണ് മരിച്ചത്. കഴിഞ്ഞ 11-നാണ് പ്രസവചികിത്സയ്ക്കായി ആര്യയെ നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് 16-ന് ആര്യയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി.

എസ്എടിയില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ ഒരു ആണ്‍കുഞ്ഞിന് ആര്യ ജന്മം നല്‍കിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 18-ന് രാവിലെ മെഡിക്കല്‍ കോളേജിലെ മള്‍ട്ടിസ്‌പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റി. എങ്കിലും വൈകീട്ടോടെ മരണം സ്ഥിരീകരിച്ചു. നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതരുടെ അനാസ്ഥകാരണമുണ്ടായ ചികിത്സപ്പിഴവാണ് ആര്യയുടെ മരണത്തിന് കാരണമെന്ന് ഭര്‍ത്താവ് അരുണും ബന്ധുക്കളും ആരോപിച്ചു.

ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്നാണ് എസ്എടിയിലേക്ക് ആര്യയെ റഫര്‍ ചെയ്തതെന്നുമാണ് ചികിത്സിച്ച ഡോക്ടര്‍മാരുടെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News