ന്യൂഡല്‍ഹി:തകര്‍ത്തുപെയ്ത മഴയില്‍ കരകവിഞ്ഞൊഴുകിയ യമുന ചെങ്കോട്ട വരെ ഒഴുകി ചെന്നതോടെ ഡല്‍ഹിയുടെ കിഴക്കന്‍ മേഖല കടുത്ത ഭീതിയില്‍. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന ചെങ്കോട്ട അടച്ചു. മറ്റന്നാള്‍ വരെ സന്ദര്‍ശനം അനുവദിക്കില്ലെന്ന് എഎസ്‌ഐ അറിയിച്ചു. യമുനയിലെ ജലനിരപ്പ് അപകട രേഖയും കഴിഞ്ഞു 208.62 മീറ്ററായി ഉയര്‍ന്നപ്പോള്‍ പ്രശ്‌നബാധിത മേഖലകളില്‍നിന്നു കൂട്ടത്തോടെ ആളുകളെ ഒഴിപ്പിച്ചു.
നിലവില്‍ അപകട രേഖയ്ക്കു മൂന്നു മീറ്റര്‍ ഉയരത്തിലാണു ജലനിരപ്പ്. പ്രതീക്ഷിച്ചതിലും 18 മണിക്കൂര്‍ നേരത്തെയാണു കഴിഞ്ഞ ദിവസം യമുനയിലെ ജലനിരപ്പ് അപകട രേഖയ്ക്കു മുകളിലെത്തിയത്. ഡല്‍ഹി സെക്രട്ടേറിയറ്റില്‍ വരെ വെള്ളം കയറി. മുഖ്യമന്ത്രി കേജ്‌രിവാളിന്റെ വീടിന്റെ ഏതാനും മീറ്റര്‍ അകലെ വെള്ളം എത്തിക്കഴിഞ്ഞു.
ലെഫ്. ഗവര്‍ണര്‍ വി.കെ സക്‌സേനയുടെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നു. സ്‌കൂളുകളും കോളജുകളും ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു 16 വരെ അവധി പ്രഖ്യാപിച്ചു. അടിയന്തര സര്‍വീസുകള്‍ അല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ ദിവസങ്ങളില്‍ വീട്ടിലിരുന്നു ജോലി ചെയ്യാമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി.
ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെ യമുനയുടെ തീരങ്ങളില്‍ പലയിടത്തായി വിന്യസിച്ചിട്ടുണ്ട്. വലിയ ചരക്കു വാഹനങ്ങള്‍ക്കു ഡല്‍ഹിയിലേക്കുള്ള പ്രവേശനം നിരോധിച്ചു. നഗരത്തിലെ വസീറാബാദ്, ചന്ദ്രവാള്‍, ഓഖ്‌ല ശുദ്ധജല സംസ്‌കരണ വിതരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ശുദ്ധജല വിതരണം തടസപ്പെടുമെന്ന ഭീതിയുമുണ്ട്.
യമുന കരവിഞ്ഞതോടെ ഡല്‍ഹിയിലെ വിഐപി ഏരിയയായ സിവില്‍ ലൈന്‍സ് പൂര്‍ണമായും വെള്ളത്തിനടിയിലായി. വെള്ളക്കെട്ടു കാരണം രാവിലെ മുതല്‍ നഗരത്തിലെ റോഡ്, മെട്രോ ഗതാഗതം തടസപ്പെട്ടു. ഡല്‍ഹി മെട്രോ ബ്ലൂ ലൈനില്‍ മയൂര്‍ വിഹാര്‍ ഭാഗത്തു നിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ മണിക്കൂറുകള്‍ വൈകി.
അപ്രോച്ച് റോഡ് വെള്ളത്തിനടിയിലായതോടെ യമുന ബാങ്ക് മെട്രോ സ്‌റ്റേഷന്‍ അടച്ചു. മെട്രോ റെയില്‍ കടന്നു പോകുന്ന പാലങ്ങളില്‍ ട്രെയിനുകളുടെ വേഗത പാടേ കുറച്ചു. ട്രെയിന്‍ ഗതാഗതവും സ്തംഭിച്ചു. നോര്‍ത്തേണ്‍ റെയില്‍വേയുടെ 250 ട്രെയ്‌നുകള്‍ റദ്ദാക്കി. ഒട്ടേറെ ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. വെള്ളക്കെട്ടിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം അടച്ച പ്രഗതി മൈതാന്‍ ടണല്‍ ഗതാഗതത്തിനായി ഇന്നു തുറന്നു കൊടുത്തു.
പലയിടങ്ങളിലും കഴുത്തറ്റം വെള്ളത്തിലായതോടെ ആളുകള്‍ വള്ളത്തിലും ചെറു ബോട്ടുകളിലും മറ്റു സ്ഥലങ്ങളിലേക്കു മാറി. ഡല്‍ഹി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ചു വെള്ളക്കെട്ട് ഏറെ പ്രതികൂലമായി ബാധിക്കുന്ന അപകടമേഖകളില്‍ കഴിയുന്നത് 16,564 പേരാണ്.
ഒഴിപ്പിക്കല്‍ നടപടികള്‍ക്കു ശേഷം 14,5324 പേര്‍ പല സ്ഥലങ്ങളിലായി സജ്ജീകരിച്ച താത്കാലിക ടെന്റുകളിലേക്കു മാറി. വടക്കന്‍ ഡല്‍ഹിയിലെ സര്‍ക്കാരിന്റെ കീഴിലുള്ള ട്രൂമ കെയര്‍ സെന്റര്‍ വെള്ളത്തിലായതോടെ 40 രോഗികളെ എല്‍എന്‍ജെപി ആശുപത്രിയിലേക്കു മാറ്റി.
ഹരിയാനയിലെ ഹാത്‌നികുണ്ഡ് തടയണയില്‍ നിന്ന് ഇപ്പോഴും യമുനയിലേക്കു കൂടുതല്‍ വെള്ളം ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നും വെള്ളമൊഴുക്കി വിടുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നു കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍, തടയിണയിലെ അധികജലം ഒഴുക്കിക്കളയാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നാണു കേന്ദ്രത്തിന്റെ മറുപടി. ഹരിയാനയില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് ഇന്നു രാത്രിയോടെ കുറയുമെന്നാണു പ്രതീക്ഷ.