ന്യൂഡൽഹി: മൂന്നുപേരുമായി ‘പതിയെ നീങ്ങിയ’ കാറിനകത്താണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരുടെ ശരീരഭാഗങ്ങളിൽ ബോംബ് ചീളുകളോ മറ്റ് ക്ഷതങ്ങളോ കണ്ടെത്താനായിട്ടില്ല. ബോംബ് സ്ഫോടനത്തിൽ ഇത്തരമൊന്ന് അസാധാരണമാണെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും ഡൽഹി പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നദീം ഖാൻ എന്നയാളുടെ പേരിലാണ് കാർ രജിസ്റ്റർചെയ്തത്. ഹരിയാണ നമ്പർപ്ലേറ്റാണ്.
ഡൽഹി പോലീസിന് പുറമേ ഫൊറൻസിക് സയൻസ് ലബോറട്ടറി, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി) എന്നിവരും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. സംശയിക്കുന്ന ഭീകരവാദികളുടെ കേസ് ഫയലുകൾ നിരീക്ഷിക്കുന്നുണ്ട്.
ആറ് കാറുകളും രണ്ട് ഇ-റിക്ഷകളും ഒരു ഓട്ടോറിക്ഷയുമാണ് സ്ഫോടനത്തിൽ കത്തിനശിച്ചത്. സ്ഫോടനത്തിന്റെ പ്രകമ്പനം ചെങ്കോട്ടയിൽനിന്ന് രണ്ടരക്കിലോമീറ്ററിലേറെ ദൂരത്തുള്ള ഐടിഒ ജങ്‌ഷൻവരെ കേട്ടെന്ന് ജനങ്ങൾ പറഞ്ഞു.
വൈകുന്നേരം ഏറെ തിരക്കുള്ള സമയത്തായിരുന്നു സ്ഫോടനം. അടുത്തടുത്തായി സ്ഥിതിചെയ്യുന്ന ചെങ്കോട്ടയും ഡൽഹിയിലെ ജമാമസ്ജിദും സന്ദർശിക്കാനെത്തുന്നവരുടെ തിരക്കനുഭവപ്പെടുന്നത് വൈകുന്നേരങ്ങളിലായതിനാൽ ഈ സമയംനോക്കി ആസൂത്രിതമായിനടത്തിയ സ്ഫോടനമാണെന്നാണ് പോലീസ് നിഗമനം. കാറിനകത്ത് എത്രപേരുണ്ടായിരുന്നു എന്ന് വ്യക്തമല്ല. സ്ഫോടനശബ്ദം 30 സെക്കൻഡോളം നീണ്ടു. തീയണയ്ക്കാൻ അരമണിക്കൂറിലേറെ വേണ്ടിവന്നതായി ഫയർഫോഴ്‌സ് വൃത്തങ്ങൾ പറഞ്ഞു.
ഡൽഹിയിൽ സ്ഫോടനമുണ്ടായെന്ന് കരുതുന്ന കാറിന്റെ മുൻ ഉടമ മുഹമ്മദ് സൽമാനെ കസ്റ്റഡിയിലെടുത്തെന്ന് റിപ്പോർട്ട്. ഈ കാർ ഇയാൾ പിന്നീട് മറ്റൊരാൾക്ക് വിൽക്കുകയായിരുന്നെന്നാണ് വിവരം.
ഹരിയാണ നമ്പർപ്ലേറ്റുള്ള കാറിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെത്തുടർന്ന് രാജ്യമെങ്ങും അതിജാഗ്രതാ നിർദേശം നൽകി. ചെങ്കോട്ടയിലേക്കുള്ള ഗതാഗതം നിരോധിച്ചു. ഡൽഹിയിലെ പൊതു ഇടങ്ങളെല്ലാം ഒഴിപ്പിച്ചു.
കേരളത്തിൽ റെയിൽവേ, ബസ് സ്‌റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും നിരീക്ഷണത്തിന് കൂടുതൽ പോലീസിനെ നിയോഗിച്ചു. സംസ്ഥാന അതിർത്തികളിലും വാഹന പരിശോധന നടക്കുന്നുണ്ട്.


