ഡൽഹി സ്ഫോടനം: പൊട്ടിത്തെറിച്ച കാറിന്റെ സിസിടിവി ദൃശ്യം പുറത്ത്; സ്‌ഫോടനത്തിന് മുമ്പ് മൂന്ന് മണിക്കൂര്‍ പാര്‍ക്ക് ചെയ്തു

പൊട്ടിത്തെറിച്ച കാറിന്റെ സിസിടിവി ദൃശ്യം പുറത്ത്; സ്‌ഫോടനത്തിന് മുമ്പ് മൂന്ന് മണിക്കൂര്‍ പാര്‍ക്ക് ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്ത് പൊട്ടിത്തെറിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഹ്യുണ്ടായി ഐ20 കാര്‍ ഓടിച്ചിരുന്നതായി സംശയിക്കുന്നയാളുടേത് അടക്കമുള്ള സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച വൈകിട്ട് 6:52-നാണ് സ്‌ഫോടനം ഉണ്ടായത്. ഇതിന് തൊട്ടുമുമ്പായിട്ടുള്ള സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. ചെങ്കോട്ടയ്ക്ക് അടുത്തുള്ള സുനഹ്രി മസ്ജിദിന് സമീപം ഏകദേശം മൂന്ന് മണിക്കൂറോളം കാര്‍ നിര്‍ത്തിയിട്ടിരുന്നു.കാര്‍ വൈകിട്ട് 3:19-ന് പാര്‍ക്കിങ് സ്ഥലത്തേക്ക് പ്രവേശിക്കുന്നതും 6:48-ന് പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

ഇതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. തുടക്കത്തില്‍ ഡ്രൈവറുടെ മുഖം വ്യക്തമായി കാണാമെങ്കിലും കാര്‍ മുന്നോട്ട് പോകുമ്പോള്‍ മുഖം മറച്ച ഒരാളാണ് ഡ്രൈവിംഗ് സീറ്റിലിരിക്കുന്നതെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.

ബദര്‍പൂര്‍ അതിര്‍ത്തിയില്‍ നിന്നാണ് കാര്‍ അവസാനമായി നഗരത്തിലേക്ക് പ്രവേശിച്ചത്. അതിന്റെ ശേഷിക്കുന്ന യാത്രാപാത അന്വേഷണത്തിലാണെന്നും ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പറയുന്നു.

പൊട്ടിത്തെറിച്ച ഹ്യുണ്ടായ് i20 കാര്‍ മുഹമ്മദ് സല്‍മാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഇയാള്‍ തിങ്കളാഴ്ച രാത്രി അറസ്റ്റിലായിട്ടുണ്ട്. അതേസമയം ഈ കാര്‍ മുഹമ്മദ് സല്‍മാന്‍ വിറ്റതിനുശേഷം പലതവണ കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ആദ്യം നദീം എന്നയാള്‍ക്കും തുടര്‍ന്ന് ഫരീദാബാദ് സെക്ടര്‍ 37-ലെ റോയല്‍ കാര്‍ സോണ്‍ എന്ന യൂസ്ഡ് കാര്‍ ഡീലര്‍ക്കും വിറ്റു.

എന്നാല്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ടവരെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍, നല്‍കിയിരുന്ന എല്ലാ മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. ഇതിനിടെ ഫരീദാബാദില്‍നിന്ന് 2900 കിലോ സ്‌ഫോടകവസ്തുക്കള്‍ പിടിയിലായതുമായി ബന്ധപ്പെട്ട് ചെങ്കോട്ട സ്‌ഫോടനത്തിന് ബന്ധമുള്ളതായുള്ള സൂചനകളും ലഭിച്ചിട്ടുണ്ട്. കാര്‍ കൈമാറ്റത്തില്‍നിന്ന് അത്തരത്തിലുള്ള വിവരങ്ങളും ലഭ്യമായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News