ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനം ഉണ്ടായ സംഭവത്തില്‍ ഇറാനിയന്‍ സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നു. സംഭവസ്ഥലത്ത് നിന്നു ലഭിച്ച ചില കുറിപ്പുകളാണ് ഇറാനിയന്‍ സംഘടനകളിലേക്ക് സംശയം കൊണ്ടുചെന്നെത്തിച്ചത്. ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്.
തീവ്രത കുറഞ്ഞ സ്ഫോടനമായതിനാല്‍ ശ്രദ്ധ ആകര്‍ഷിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് സ്‌ഫോടനമുണ്ടായത്. എംബസിക്ക് സമീപം നിര്‍ത്തിയിട്ട കാറുകള്‍ക്ക് സമീപത്താണ് സ്‌ഫോടനമുണ്ടായത്.
സംഭവത്തില്‍ ആളാപായമില്ല. ഡല്‍ഹി പോലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. ഒരു കുപ്പിയില്‍ വച്ച സ്‌ഫോടകവസ്തുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.