മുംബൈ: തങ്ങളുടെ വിവാഹം വൈകിപ്പിക്കുന്നതായി ആരോപിച്ച് ആണ്‍മക്കള്‍ ചേര്‍ന്ന് അച്ഛനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോല്‍ഹാട്ടിയിലാണ് സംഭവം. സ്വദേശിയായ സമ്പത്ത് വാഹുല്‍ (50)നെയാണ് രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് കുത്തിക്കൊന്നതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ സമ്പത്തിന്റെ മക്കളായ പ്രകാശ് വാഹുല്‍ (26), പോപാത് വാഹുല്‍ (30) എന്നിവരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. തങ്ങളുടെ വിവാഹം വൈകാന്‍ കാരണം അച്ഛനാണെന്ന് ആരോപിച്ചായിരുന്നു ഇരുവരുടെയും ആക്രമണം.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ എട്ടുതവണയാണ് സമ്പത്തിന് കുത്തേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം മരിക്കുകയായിരുന്നു. വിവാഹം വൈകിപ്പിക്കുന്നത് അച്ഛനാണെന്നായിരുന്നു സഹോദരങ്ങളുടെ പരാതിയെന്ന് പൊലീസ് പറഞ്ഞു. കൂടാതെ സമ്പത്തിന്റെ പേരിലുള്ള ഭൂമി വിറ്റ് വിഹിതം നല്‍കാനും ഇവര്‍ നിര്‍ബന്ധിച്ചിരുന്നു.
നല്ലരീതിയില്‍ വിപണിമൂല്യമുള്ള ഭൂമിയാണ് സമ്പത്തിന്റെ പേരിലുണ്ടായിരുന്നത്. ഇത് വില്‍പ്പന നടത്തി ഇതിന്റെ പണം തങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. തൊഴില്‍രഹിതരായ രണ്ടുപേരും അച്ഛനെ കൃഷിപ്പണിയില്‍ സഹായിച്ചിരുന്നു.
ഇതിനിടെ വിവാഹം വൈകുന്നതിനെച്ചൊല്ലിയും ഭൂമി വില്‍ക്കാത്തത് സംബന്ധിച്ചും ഇവര്‍ക്കിടയില്‍ പലതവണ തര്‍ക്കമുണ്ടായി. സംഭവദിവസവും ഇതേ കാരണങ്ങളുടെ പേരില്‍ അച്ഛനും മക്കളും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് അച്ഛനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.