ലക്‌നൗ : ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. കശ്മീരിന്റെ അമിതാധികാരം നീക്കുകയും പൗരത്വ നിയമ ഭേദഗതി നടപ്പാക്കുകയും ചെയ്ത മാതൃകയിൽ സിവിൽ കോഡും നടപ്പാക്കുമെന്നാണ് കേന്ദ്ര മന്ത്രി വ്യക്തമാക്കിയത്. ലക്‌നൗവിൽ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു രാമക്ഷേത്ര നിർമ്മാണവും സിവിൽ കോഡ് അടക്കമുളള പരിഷ്‌കാരങ്ങളും. രാമക്ഷേത്രം നിർമ്മിക്കുകയും കശ്മീരിന്റെ അമിതാധികാരം നീക്കുകയും മുത്തലാഖ് നിയമം കൊണ്ടുവരികയും ചെയ്തു. ഇതുപോലെ സിവിൽ കോഡും കൊണ്ടുവരും. ഏതെങ്കിലും മത വിശ്വാസത്തിനോ മതത്തിനോ എതിരായിരിക്കില്ല സിവിൽ കോഡ് എന്നും അദ്ദേഹം വ്യക്തമാക്കി.