ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസുമായി ബന്ധപ്പെട്ട ശിക്ഷാവിധിയെ രാഹുല്‍ഗാന്ധി മറികടന്നെങ്കിലും അതെത്ര കാലത്തേക്കെന്ന് ബി.ജെ.പി. ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യ. സവര്‍ക്കറെ ചെളിവാരിയെറിഞ്ഞതിന് കുടുംബം നല്‍കിയതുള്‍പ്പെടെ വേറെയും നിരവധി അപകീര്‍ത്തിക്കേസുകള്‍ രാഹുല്‍ ഗാന്ധിക്കെതിരെ നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അമ്മ സോണിയ ഗാന്ധിക്കൊപ്പം, രാഹുല്‍ നേരത്തേതന്നെ പ്രതിയാണ്. ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്നു. ഇവയിലേതെങ്കിലും ഒന്നില്‍ കുറ്റം ചുമത്തിയാല്‍ രാഹുല്‍ വീണ്ടും അയോഗ്യനാകും. അയോഗ്യത നേരിട്ട ലാലുപ്രസാദിനെയും ജയലളിതയെയുമൊക്കെ മറക്കാതിരിക്കാം. ഈ ലോക്സഭാ സമ്മേളനത്തിൽ പങ്കെടുക്കാന്‍ കഴിയുമെങ്കിലും അപകടകരമായ ഒരു സാഹചര്യത്തിലാണ് രാഹുലുള്ളതെന്നും മാളവ്യ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചിലാണ് മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിൽ രാഹുല്‍ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാകുന്നത്. 2019-ലെ അപകീര്‍ത്തിക്കേസിലായിരുന്നു ഈ അയോഗ്യത. വെള്ളിയാഴ്ച ഈ കേസില്‍ രാഹുലിന്‍റെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഈ സാഹചര്യത്തിലാണ് രാഹുലിനുണ്ടായിരുന്ന അയോഗ്യത നീങ്ങുന്നതിന് വഴിയൊരുങ്ങിയത്.