തനിക്കും തന്റെ കുടുംബത്തിനും ബാധിച്ച കോവിഡ് മഹാമാരിയെ കുറിച്ച് ദീപിക പദുകോണ്‍. ‘കോവിഡ് മഹാമാരി ഒരു വ്യക്തി എന്ന നിലയില്‍ എന്നെ വളരെയധികം മാറ്റി. 2020 ലെ ആദ്യത്തെ ലോക്ക്ഡൗണില്‍ ഭര്‍ത്താവ് റണ്‍വീര്‍ സിംഗിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
രണ്ടാമത്തെ ലോക്ക്ഡൗണില്‍ മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം ബാംഗ്ലൂരിലെ വീട്ടിലായിരുന്നു. ഈ സമയത്താണ് എനിക്കടക്കം കുടുബത്തിലെ എല്ലാവര്‍ക്കും രോഗം ബാധിക്കുന്നത്. ആദ്യത്തെ ലോക്ക്ഡൗണ്‍ തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരുന്നു. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കിയെടുക്കുകയായിരുന്നു എല്ലാവരും.
കൂടാതെ, പുതിയ സാഹചര്യത്തില്‍ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. രണ്ടാമത്തെ ലോക്ക്ഡൗണും വ്യത്യസ്തമായിരുന്നു. കാരണം ഞാനടക്കം കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് കോവിഡ് ബാധിതരായി.
കോവിഡ് എന്റെ ജീവിതം തന്നെ മാറ്റി. സ്റ്റിറോയിഡുകള്‍ അടക്കമുള്ള മരുന്നുകള്‍ കഴിച്ച് എന്നെ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായി. വിചിത്രമായ രോഗമാണ് കോവിഡ്. കാരണം നിങ്ങളുടെ ശരീരവും മനസ്സും വ്യത്യസ്തമായി അനുഭവപ്പെടും.അസുഖം ബാധിച്ചിരുന്ന സമയത്ത് അത്ര ബുദ്ധിമുട്ട് തോന്നിയിരുന്നില്ല. എന്നാല്‍ മാനസ്സ് അസ്വസ്ഥമായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് രണ്ട് മാസം വിട്ടു നില്‍ക്കേണ്ടി വന്നു. അതായിരുന്നു എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ട്’- ദീപിക പറഞ്ഞു.