കുട്ടികൾ മണ്ണ് വാരി തിന്നു’ എന്ന പ്രചാരണം: ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ് പി ദീപക്ക് രാജിവച്ചു

തിരുവനന്തപുരം : ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക് രാജിവച്ചു. തിരുവനന്തപുരം കൈതമുക്കിൽ കുട്ടികള്‍ മണ്ണ് തിന്നെന്ന വിവാദത്തെ തുടര്‍ന്നാണ് നടപടി. ദീപക്കിനോട് രാജിവയ്ക്കാന്‍ സിപിഎം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന് നാണക്കേടുണ്ടാക്കി എന്നായിരുന്നു ആരോപണം.

ദീപക്കിന്‍റെ പ്രസ്താവന സർക്കാറിനെ കടുത്ത സമ്മർദ്ദത്തിലാക്കിയത് മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതോടെ ദീപക്കിനെ സ്ഥാനത്തുനിന്ന് മാറ്റാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ദീപക്ക് രാജി കത്ത് കൈമാറി. താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് മുഖ്യമന്ത്രിക്ക് രാജി കത്ത് നൽകിയ ശേഷം ദിപക് പറഞ്ഞു.

കൈതമുക്ക് റയില്‍വേ പുറമ്പോക്ക് കോളനിയില്‍ കഴിയുന്ന ആറ് കുട്ടികളില്‍ നാല് പേരെയാണ് അമ്മയുടെ ആവശ്യപ്രകാരം ശിശുക്ഷേമസമിതി ഏറ്റെടുത്തത്. കുടുംബത്തിന്റെ അവസ്ഥ അന്ന് ശിശുക്ഷേമസമിതി വിശദീകരിച്ചത് ഇങ്ങിനെയായിരുന്നു. ഇത് വലിയ വാര്‍ത്തയായതോടെ മണ്ണ് തിന്നിട്ടില്ലെന്ന് ബാലാവകാശ കമ്മീഷനും മണ്ണ് തിന്നത് പട്ടിണിമൂലമല്ല, ശീലംകൊണ്ടാണെന്ന് കുട്ടികളുടെ അമ്മയും തിരുത്തി. ഇതോടെയാണ് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ദീപക്കിനോട് വിശദീകരണം തേടിയത്.

കുടുംബത്തിന്റെ അവസ്ഥ അറിയിച്ചത് കൈതമുക്കിലെ സി.പി.എം ലോക്കല്‍ സെക്രട്ടറിയടക്കമുള്ള പാര്‍ട്ടിക്കാരാണ്. അവര്‍ നല്‍കിയ പരാതിയിലും സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിലും മണ്ണ് തിന്നതായി പറഞ്ഞിരുന്നു. അതാണ് മാധ്യമങ്ങളെ അറിയിച്ചത്.

സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗമായ ദീപകിനെതിരെ പാർട്ടി തലത്തിലും നടപടി ഉണ്ടാകും. ദീപകിനെ രാജിവെപ്പിച്ച ദിവസം തന്നെ, കുട്ടികൾ മണ്ണ് തിന്നുവെന്ന വാർത്ത നിഷേധിച്ച ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷിന് സർക്കാർ ചീഫ് സെക്രട്ടറി പദവി നൽകിയതും ശ്രദ്ധേയമാണ്. അതിനിടെ സിപിഎം കൈതമൂക്കിൽ രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News