KeralaNews

ആവശ്യങ്ങൾ അംഗീകരിച്ചു,എം.ജിയിൽ ഗവേഷക നടത്തിവന്ന സമരം അവസാനിപ്പിച്ചു

കോട്ടയം:നാനോ സയൻസ് മേധാവി നന്ദകുമാർ കളരിക്കലിനെ (nandakumar kalarikkal) മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചതോടെ എംജി സർവ്വകലാശാലയിൽ (mg university) ദളിത് ഗവേഷക വിദ്യാർത്ഥി ദീപ പി മോഹൻ (Deepa P mohanan) നടത്തി വന്ന സമരം അവസാനിപ്പിച്ചു. തന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുവെന്നും ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും സർവകലാശാല ഉറപ്പുനൽകിയതായും ദീപ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് സമരക്കാർക്ക് കൈമാറി.

നാനോ സയൻസ് മേധാവി ഡോ. നന്ദകുമാർ കളരിക്കലിനെ ഫിസിക്സ് വിഭാഗത്തിലേക്കാണ് മാറ്റിയത്. ദീപയുടെ ഗവേഷണത്തിന് മുമ്പ് മേൽനോട്ടം വഹിച്ചിരുന്ന അധ്യാപകൻ രാധാകൃഷ്ണന് തന്നെ വീണ്ടും മേൽനോട്ട ചുമതല നൽകും. 2024 നകം ഗവേഷണം പൂർത്തിയാക്കിയാൽ മതി. ഗവേഷണ കാലയളവിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സർവ്വകലാശാല ഉറപ്പുനൽകിയതായും വിദ്യാർത്ഥി അറിയിച്ചു. മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെ 11 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതായി ദീപ അറിയിച്ചു.

പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്‍റെ നേതൃത്വത്തിൽ സർവകലാശാല അധികൃതർ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരിൽ വിവേചനമുണ്ടായെന്നുമായിരുന്നു ദളിത് വിദ്യാർത്ഥി ദീപയുടെ പരാതി.

പിഎച്ച്ഡി പ്രവേശനം നൽകാതിരിക്കാൻ പോലും സർവകലാശാലയിലെ ചിലർ ഇടപെട്ട് പരമാവധി ശ്രമിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നതിനാൽ ദീപയുടെ പ്രവേശനം തടയാൻ കഴിഞ്ഞില്ല. 2012 ൽ പൂർത്തിയാക്കിയ എംഫിലിന്‍റെ സർട്ടിഫിക്കറ്റ് പല കാരണങ്ങൾ നിരത്തി താമസിപ്പിച്ചു. ഒടുവിൽ 2015 ലാണ് ദീപയ്ക്ക് സർട്ടിഫിക്കറ്റ് കിട്ടിയത്. സ്വന്തമായി ദീപ തയ്യാറാക്കിയ ഡാറ്റാ മോഷ്ടിച്ചതാണെന്ന് ആരോപിച്ചും പീഡിപ്പിച്ചു. പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ലാബിൽ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാരം ചെയ്തുവെന്നും ദീപ പരാതി ഉന്നയിച്ചിരുന്നു. നീതി ലഭിക്കാഞ്ഞതോടെയാണ് ദീപ നിരാഹാര സമരത്തിനിറങ്ങിയത്.

ദീപക്ക് പിന്തുണയേറിയതോടെ സർവകലാശാലയിലെ ആരോപണവിധേയനായ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പ് മേധാവി നന്ദകുമാർ കളരിക്കലിനെ മാറ്റി. എന്നാൽ തന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് ദീപ നിലപാടെടുത്തു. ഇതോടെയാണ് സമരം വീണ്ടും നീണ്ടുപോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button