കൊച്ചി: കോളേജ് അധ്യാപികയായ ദീപ നിശാന്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണി മുഴക്കിയ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസില്‍ പ്രതിയായ ബിജെപി പ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി ബിജുകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ഉത്തരവ്.
ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാടും കോടതി തേടി. കഠ്‌വ പീഡനകേസുമായി ബന്ധപ്പെട്ട് എച്ച്പി ഇന്ത്യയിലെ ജീവനക്കാരനായ ദീപക് ശങ്കരനാരായണന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ദീപ നിശാന്ത് ഷെയര്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ദീപ നിശാന്തിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു.
വിഷയത്തില്‍ ദീപാ നിശാന്തിനെതിരെ രമേഷ് കുമാര്‍ എന്നയാള്‍ ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ ദീപ നിശാന്തിന്റെ രക്തത്തിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്ന് ബിജു കുമാര്‍ കുറിച്ചിരുന്നു. ഇതാണ് പരാതിക്കടിസ്ഥാനം.
എന്നാല്‍ ആദ്യ പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു, സമാന രീതിയില്‍ നിയമനടപടിക്ക് മുന്‍കൈയെടുക്കുമെന്നാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞ് ബിജുകുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.