കൊച്ചി: തൃക്കാക്കരയിൽ ജയം ഉറപ്പെന്ന് അവകാശപ്പെടുന്ന മുന്നണികളെ ആശങ്കയിലാക്കുന്നതാണ് കുറഞ്ഞ പോളിംഗ്. നാടിളക്കി പ്രചാരണം നടത്തിയിട്ടും മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്ക് നേർ ഇറങ്ങി നടത്തിയ വൻ പ്രചാരണവും മഴമാറിയ തെളിഞ്ഞ അന്തരീക്ഷവും പോളിംഗ് ദിവസത്തെ രാവിലത്തെ ട്രെൻഡ്, റെക്കോർഡ് ശതമാനത്തിലേക്കത്തിക്കുമെന്നായിരുന്നു മുന്നണികളുടെ കണക്ക്. പക്ഷെ വോട്ടെടുപ്പ് തീർന്നപ്പോൾ കണക്ക് കൂട്ടലുകൾ തെറ്റി. കൊച്ചി കോർപ്പറേഷനിലാണ് തൃക്കാക്കര നഗരസഭയെ അപേക്ഷിച്ച് മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചത്.
കോർപ്പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തിൽ താഴെ വരെയാണ് പോളിംഗ്. ഇതിൽ പലതും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. എന്നാൽ സാധാരണ 40 പോലും എത്താത്ത ബൂത്തുകളിൽ 50 ശതമാനം എത്തിയത് തന്നെ നേട്ടമാണെന്നും ഈ ബൂത്തുകളിൽ ചെയ്ത വോട്ടുകൾ അധികവും നേട്ടമാകുമെന്നും യുഡിഎഫ് പറയുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ മിക്ക ബൂത്തുകളിലും മികച്ച പോളിംഗാണ്. 75 % വരെ കടന്ന പോളിംഗ് കടന്ന ബൂത്തുകളുണ്ട്. തൃക്കാക്കര സെൻട്രലിലെയും ഈസ്റ്റിലെയും വെസ്റ്റിലെയും പോളിംഗിൽ യുഡിഎഫും എൽഡിഎഫും പ്രതീക്ഷ വെക്കുന്നു. ഈസ്റ്റിൽ കഴിഞ്ഞ തവണ കരുത്ത് കാട്ടിയ ട്വൻറി ട്വൻറി വോട്ട് ഇത്തവണ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്.
പോളിംഗ് ശതമാനം കുറഞ്ഞ സാഹചര്യത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലെ നേർക്ക് നേർ പോരിൽ ബിജെപി പിടിക്കുന്ന വോട്ട് വളരെ നിർണ്ണായകമാണ്. ഒരുപക്ഷെ തൃക്കാക്കര ഫലം നിശ്ചയിക്കുന്നത് ചെറിയ മാർജിനാകും. അല്ലെങ്കിൽ ആർക്കുമെങ്കിലും അനുകൂല തരംഗമെങ്കിൽ വൻ ഭൂരിപക്ഷവും വന്നേക്കാം.