തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെണ്ണൽ പൂർത്തിയായതിന് പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ വോട്ട് വിഹിതത്തിന്റെ കണക്കുകൾ പുറത്ത്. 2019ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ മാറ്റങ്ങൾ ഒന്നും രേഖപ്പെടുത്താത്ത കണക്കുകളാണ് ഇക്കുറിയും വന്നിരിക്കുന്നത്. എന്നാൽ ശതമാനക്കണക്കിലെ ചെറിയ മാറ്റങ്ങൾ പോലും വലിയ ഫലങ്ങൾക്ക് ഇടയാക്കുന്ന കാഴ്‌ചയ്ക്കും കേരളം സാക്ഷ്യം വഹിച്ചു.
ഇത്തവണയും വോട്ട് വിഹിതത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നിലകൊള്ളുന്നത് കോൺഗ്രസ് തന്നെയാണ്. എന്നാൽ കഴിഞ്ഞ തവണത്തെ വോട്ട് വിഹിതത്തെ അപേക്ഷിച്ചു നോക്കുമ്പോൾ അവരുടെ കണക്കുകളിൽ നേരിയ ഇടിവ് പ്രകടമാണ്. ഇത്തവണ 35.06 ശതമാനം വോട്ടുകളാണ് കോൺഗ്രസ് തങ്ങളുടെ പെട്ടിയിൽ വീഴ്ത്തിയത്.
കഴിഞ്ഞ തവണത്തെ രാഹുൽ തരംഗത്തിൽ അവർ നേടിയതാവട്ടെ 38.23 ശതമാനം വോട്ടുകളായിരുന്നു. അതായത് മൂന്ന് ശതമാനത്തിൽ അധികം വോട്ട് വിഹിതമാണ് കോൺഗ്രസിന് ഇത്തവണ കുറഞ്ഞിരിക്കുന്നത്. ഇതും തൃശൂരിൽ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് വീണതും കൂട്ടി വായിച്ചാൽ കണക്കുകൾ ഏകദേശം ഒത്തുവരും.
സീറ്റുകളുടെ എണ്ണത്തിൽ ഇടിവുണ്ടായിട്ടില്ലെങ്കിലും വോട്ട് വിഹിതത്തിൽ ഉണ്ടായ കുറവ് കോൺഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. കൂടാതെ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ തൃശൂരിലെ തോൽവി കൂടി ഈ വോട്ട് വിഹിതത്തെ ബാധിച്ചു എന്ന് വേണം കരുതാൻ.
എന്നാൽ കഴിഞ്ഞ തവണ 24.96 ശതമാനം വോട്ടുകളും ഒരു സീറ്റുമായി അനക്കം സൃഷ്‌ടിക്കാതിരുന്ന സിപിഎം ഇക്കുറിയും വലിയ മാറ്റമില്ലാതെ തുടർന്നു. നേരിയ വർധനവാണ് ഇക്കുറി സിപിഎമ്മിന്റെ വോട്ട് വിഹിതത്തിൽ ഉണ്ടായിരിക്കുന്നത്. ഇത്തവണ 25.82 ശതമാനം വോട്ടുകൾ സിപിഎം പെട്ടിയിലാക്കി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ബിജെപിയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ പാർട്ടി. കേരളത്തിൽ ഇതുവരെ ലോക്‌സഭാ സീറ്റ് ഇല്ലാതിരുന്ന അവർ ഇത്തവണ തൃശൂർ പിടിച്ചെടുത്തു. അതിന്റെ പ്രതിഫലനം എന്നോണം വോട്ട് വിഹിതത്തിലും അവർക്ക് ഉയർച്ച ഉണ്ടായിട്ടുണ്ട്. നിലവിൽ 16.68 ശതമാനം വോട്ടുകളാണ് അവർ കേരളത്തിൽ നേടിയത്. കഴിഞ്ഞ വർഷം അത് കേവലം 12.39 ശതമാനമായിരുന്നു.
ശേഷിക്കുന്ന പാർട്ടികളുടെ കണക്കുകൾ ഈ നിലയ്ക്കാണ്: സിപിഐ 6.14 ശതമാനം, മുസ്ലീം ലീഗ് 6.07 ശതമാനം, ബിഎസ്‌പി 0.25 ശതമാനം, കേരള കോൺഗ്രസ് മാണി വിഭാഗം 1.38 ശതമാനം, മറ്റുള്ളവർ 7.81 ശതമാനം എന്നിങ്ങനെയാണ് വോട്ട് വിഹിതത്തിന്റെ കണക്കുകൾ.