തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിശകലനം ചെയ്യാന്‍ അവലോകന യോഗം ഇന്ന് ചേരും. ഒരു ഡോസ് വാക്‌സിന്‍ എടുത്തവരെ തിയറ്ററില്‍ പ്രവേശിപ്പിക്കണമെന്ന നിബന്ധനയില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുക്കും. കൊവിഡ് വ്യാപനം കുറഞ്ഞതിനാല്‍ ഇളവ് നല്‍കാനാണ് സാധ്യത.
എന്നാല്‍ സര്‍ക്കാരിന്റെ നിബന്ധന പ്രായോഗികമല്ലെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും വിനോദ നികുതിയിളവിന്റെ കാര്യത്തില്‍ തീരുമാനം. സംസ്ഥാനത്തെ സിനിമ മേഖലയിലെ പ്രതിസന്ധിയും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ചൊവ്വാഴ്ച ചേര്‍ന്നിരുന്നു.
വിനോദ നികുതി ഒഴിവാക്കുക, പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, വൈദ്യതി ഫിക്‌സഡ് ചാര്‍ജ് 50 ശതമാനമായി കുറയ്ക്കുക, ഒരു ഡോസ് വാക്സിന്‍ എടുത്ത ആളുകളെ തീയറ്ററുകയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കുക എന്ന കാര്യങ്ങളായിരുന്നു യോഗത്തില്‍ ചര്‍ച്ച ചെയ്തത്.
‘മരക്കാര്‍’ തിയറ്ററുകളിലെത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി മന്ത്രി സജി ചെറിയാന്‍ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. ചിത്രത്തിന്റെ നിര്‍മ്മാതാവിനും തിയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനാണ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്.