രാജ്യത്തെ പത്ത് കോടി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ വെച്ചിട്ടുണ്ടെന്ന് സ്വതന്ത്ര സൈബർ സുരക്ഷാ വിദഗ്ധൻ രാജശേഖർ രാജഹാരിയ വെളിപ്പെടുത്തി. ബെംഗളൂരു ആസ്ഥാനമായുള്ള ഡിജിറ്റൽ പേയ്‌മെന്റ് ഗേറ്റ്‌വേ ജസ്‌പേയുടെ സുരക്ഷാ വീഴ്ച വഴിയാണ് ഇത് സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
എന്നാൽ, സൈബർ ആക്രമണസമയത്ത് കാർഡ് നമ്പറുകളോ സാമ്പത്തിക വിവരങ്ങളോ പുറത്തുപോയിട്ടില്ലെന്നും ഡേറ്റ ചോർന്ന കാർഡുകളുടെ യഥാർഥ സംഖ്യ പത്ത് കോടിയിൽ വളരെ കുറവാണെന്നും ജസ്പെ ഐഎഎൻഎസിനോട് പറഞ്ഞു.
2020 ഓഗസ്റ്റ് 18ന്, ഞങ്ങളുടെ സെർവറുകളിൽ അനധികൃത ആക്രമണ ശ്രമം കണ്ടെത്തുകയും അപ്പോൾ തന്നെ പരിഹരിക്കുകയും ചെയ്തിരുന്നു.ഇമെയിൽ, ഫോൺ നമ്പറുകൾ എന്നിവ അടങ്ങിയ ചില ഡേറ്റാ റെക്കോർഡുകൾ ചോർത്തിയിട്ടുണ്ട്, ഇത് 10 കോടി ഡേറ്റാ റെക്കോർഡുകളുടെ ഒരു ഭാഗം മാത്രമാണെന്നും വക്താവ് കൂട്ടിച്ചേർത്തു. എന്നാൽ, ഡാർക്ക് വെബിൽ ക്രിപ്റ്റോകറൻസി ബിറ്റ്കോയിൻ വഴി വെളിപ്പെടുത്താത്ത തുകയ്ക്ക് ഡേറ്റ വിൽക്കുകയാണെന്ന് രാജഹാരിയ അവകാശപ്പെട്ടു.