ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സിവിൽ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ളത്.
ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തിൽ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ചികിത്സ നൽകി. റാവു സിവിൽ സർവീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ് മെൻ്റിൽ പ്രവർത്തിച്ചിരുന്നത്. സംഭവ സമയത്ത് മുപ്പത് വിദ്യാർത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതിൽ മൂന്ന് പേർ വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നെന്നും ഡല്‍ഹി ഫയർ സർവീസ് അറിയിച്ചു. അപകടത്തിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയ ഡല്‍ഹി സർക്കാർ മജിസ്റ്റീരിൽ അന്വേഷണം പ്രഖ്യാപിച്ചു.