മഹ്‌സ അമീനിയുടെ മരണം: റിപ്പോർട്ട് ചെയ്തതിന് തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകർക്ക് ജാമ്യം
ടെഹ്‌റാന്‍: സദാചാര പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മഹ്‌സ അമീനിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിന് ഇറാന്‍ തടവിലാക്കിയ വനിത മാധ്യമപ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി. നിലൂഫര്‍ ഹമേദി(31), ഇലാഹി മുഹമ്മദി(36) എന്നീ മാധ്യമപ്രവര്‍ത്തകരേയാണ് ജാമ്യത്തില്‍ വിട്ടയച്ചത്. ഒരു വർഷമാണ് ഇരുവരും ജയിലിൽ കഴിഞ്ഞത്. ശിക്ഷാ നടപടികള്‍ക്കെതിരെ ഇരുവരും കോടതിയെ സമീപിക്കും.
2022 സെപ്റ്റംബര്‍ 17 നാണ് ഇറാനിലെ സദാചാര പോലീസായ ഗഷ്ത്-ഇ-ഇര്‍ഷാദ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനി മരണപ്പെടുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അമീനി മരിക്കുന്നതെന്നും അത് യുവതിക്കുണ്ടായിരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണെന്നുമായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ സദാചാര പോലീസിൻ്റെ മർദനമാണ് അമീനിയുടെ മരണകാരണമെന്നാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഘടകം പ്രതിനിധികൾ വ്യക്തമാക്കിയത്.
മ്ഹസ അമീനിയുടെ മരണം ആദ്യം പുറംലോകത്തെ അറിയിച്ചത് ഇറാന്‍ പത്രമായ ഷാര്‍ഗിലെ മാധ്യമപ്രവര്‍ത്തകയായ നിലൂഫര്‍ ഹമീദിയാണ്. വിലാപത്തിന്റെ കറുത്ത വസ്ത്രമാണ് നമ്മുടെ ദേശീയ പതാക എന്ന കുറിപ്പോടെ നീലുഫര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മകളുടെ മരണവിവരമറിഞ്ഞ് വിലപിക്കുന്ന മഹ്‌സ അമീനിയുടെ പിതാവിന്റെയും മുത്തശ്ശിയുടെയും ചിത്രം പങ്കുവെച്ചുകൊണ്ടിയിരുന്നു പോസ്റ്റ്.
മഹ്‌സയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്ത് മരണത്തെ പറ്റി ഇലാഹി മുഹമ്മദിയും ലേഖനമെഴുതി. തുടര്‍ന്ന് വാര്‍ത്ത പുറംലോകമറിഞ്ഞതോടെ അമീനിയുടെ മരണത്തില്‍ ഇറാനില്‍ പ്രതിഷേധമാഞ്ഞടിച്ചു. പരസ്യമായി ഹിജാബ് വലിച്ചെറിഞ്ഞും മുടിമുറിച്ചുമായിരുന്നു സ്ത്രീകളുടെ പ്രതിഷേധം.
പ്രതിഷേധം കനത്തതിനു പിന്നാലെ രണ്ടു മാധ്യമപ്രവര്‍ത്തകരേയും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് തടവിലാക്കുകയായിരുന്നു. പതിമൂന്ന് വര്‍ഷത്തേക്കും പന്ത്രണ്ട് വര്‍ഷത്തേക്കുമുള്ള തടവാണ് ഇരുവര്‍ക്കും വിധിച്ചത്.