30 C
Kottayam
Thursday, May 2, 2024

മകള്‍ക്ക് ഗെയിമിംഗ് ആപ്പിലൂടെ വന്‍തുക ലഭിച്ചെന്ന് ‘സച്ചിന്‍’; ഡീപ്പ്‌ഫേക്ക് വീഡിയോക്കിരയായി സച്ചിനും

Must read

മുംബൈ: ബോളിവുഡ് താരങ്ങള്‍ക്ക് പിന്നാലെ ഡീപ്‌ഫേക്ക് വീഡിയോയ്ക്ക് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും. ‘സ്‌കൈവാര്‍ഡ് ഏവിയേറ്റര്‍ ക്വസ്റ്റ്’ എന്ന ഗെയിമിംഗ് ആപ്പിനെ അംഗീകരിക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിജസ്ഥിതി വെളിപ്പെടുത്തി സച്ചിന്‍ തന്നെ രംഗത്തെത്തുകയായിരുന്നു.

പ്രചരിക്കുന്ന വീഡിയോയില്‍ സച്ചിന്‍ ആപ്പിനായി വാദിക്കുന്നത് മാത്രമല്ല അദ്ദേഹത്തിന്റെ മകള്‍ സാറ അതില്‍ നിന്ന് സാമ്പത്തിക നേട്ടം കൊയ്യുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് വ്യാജമാണ് എന്നും തന്റെ രൂപവും ശബ്ദവും സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്ത് സൃഷ്ടിച്ചതാണ് എന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വ്യക്തമാക്കി. ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രതയും വേഗത്തിലുള്ള നടപടിയും വേണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഈ വീഡിയോകള്‍ വ്യാജമാണ്. സാങ്കേതികവിദ്യയുടെ വ്യാപകമായ ദുരുപയോഗം കാണുന്നത് അലോസരപ്പെടുത്തുന്നു. ഇതുപോലുള്ള വീഡിയോകളും പരസ്യങ്ങളും ആപ്പുകളും വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,’ സച്ചിന്‍ തന്റെ എക്സ് അക്കൗണ്ടില്‍ പ്രസ്തുത വീഡിയോ പങ്ക് വെച്ച് കൊണ്ട് ട്വീറ്റ് ചെയ്തു. തെറ്റായ വിവരങ്ങളുടെയും ഡീപ് ഫെയ്ക്കുകളുടെയും വ്യാപനം തടയുന്നതിന് വേഗത്തിലുള്ള നടപടികള്‍ നിര്‍ണായകമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് രൂപകല്പന ചെയ്ത സിന്തറ്റിക് മീഡിയയുടെ ഒരു രൂപമാണ് ഡീപ്‌ഫേക്കുകള്‍. ഇതില്‍ ദൃശ്യ-ശ്രാവ്യ ഘടകങ്ങള്‍ കൈകാര്യം ചെയ്യാന്‍ അത്യാധുനിക അല്‍ഗോരിതങ്ങള്‍ ഉപയോഗിക്കുന്നു. 2017-ല്‍ ഒരു റെഡ്ഡിറ്റ് ഉപയോക്താവ് കൃത്രിമ വീഡിയോകള്‍ പങ്കിടുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം അവതരിപ്പിച്ചതോടെയാണ് ഇത് പ്രചാരത്തിലാകുന്നത്.

അതിനുശേഷം ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ വികസിച്ചു. വ്യക്തികളുടെയോ കമ്പനികളുടെയോ സര്‍ക്കാരുകളുടെയോ പോലും പ്രശസ്തി തകര്‍ക്കാനും നശിപ്പിക്കാനും സൈബര്‍ കുറ്റവാളികള്‍ക്കുള്ള ഒരു സാധ്യതയുള്ള ആയുധമായി ഇത് വളരെ വേഗത്തില്‍ മാറി. സച്ചിന്റെ കേസ് ഒരു ഒറ്റപ്പെട്ട സംഭവമല്ല. നടിമാരായ ഐശ്വര്യ റായ്, രശ്മിക മന്ദാന, കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരുടെ ഡീപ്പ്‌ഫേക്ക് വീഡിയോകളും പ്രചരിച്ചിരുന്നു.

അതേസമയം എല്ലാ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കും അവരുടെ പ്ലാറ്റ്ഫോമുകളില്‍ നിന്ന് തെറ്റായ വിവരങ്ങള്‍ തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന് നിര്‍ദ്ദേശം നല്‍കി നോട്ടീസ് അയച്ചതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ ഈ വിഷയം അഭിസംബോധന ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week