തിരുവനന്തപുരം: കെപിസിസി ട്രഷററായിരുന്ന പ്രതാചന്ദ്രന്‍റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. പ്രതാപചന്ദ്രന്‍റെ മക്കളാണ് പരാതി നൽകിയത്. മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ അച്ഛനെതിരെ കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ വ്യാജ പ്രചരണമാണ് പെട്ടെന്നുണ്ടായ മരണത്തിന് കാരണമെന്നാണ് പരാതി.
കോഴിക്കോടുളള കോണ്‍ഗ്രസ് പ്രവർത്തകരായ രമേശ്, പ്രമോദ് എന്നിവർ ചേർന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയെന്ന് ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. ഈ പ്രചരണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. മരിക്കുന്നതിന് മുമ്പ് വ്യാജ പ്രചരണം നടത്തിയവർക്കെതിരെ കേസ് നൽകാൻ പ്രതാപചന്ദ്രൻ തീരുമാനിച്ചിരുന്നതെന്നും പരാതിയിൽ പറയുന്നു. പ്രതാപചന്ദ്രന്‍റെ മക്കളായ പ്രജിത്ത്, പ്രീതി എന്നിവരാണ് ഡിജിപിക്ക് പരാതി നൽകിയത്. ഒരാഴ്ച മുമ്പാണ് ഹൃദയാഘാതം മൂലം പ്രതാപചന്ദ്രൻ മരിച്ചത്.
കഴിഞ്ഞ മാസമാണ് കെ പി സി സി ട്രഷറർ വി പ്രതാപചന്ദ്രൻ മരിച്ചത്. 73 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ രാവിലെയായിരുന്നു അന്ത്യം. കെ എസ് യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിട്ടായിരുന്നു വി പ്രതാപചന്ദ്രന്‍റെ തുടക്കം. ഡി സി സി ജനറൽ സെക്രട്ടറി, എൻ ടി യു സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം തുടങ്ങി വിവിധ പദവികളിൽ സേവനം അനുഷ്ഠിച്ചു. വീക്ഷണം പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായി നിരവധി വർഷം പ്രവർത്തിച്ചു. പത്രപ്രവർത്തകനായി പ്രവർതതിക്കുന്നതിനിടെയാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്കെത്തിയത്.
കെപിസിസി ട്രഷറർ അഡ്വക്കേറ്റ് വി പ്രതാപചന്ദ്രന്റെ മരണം കുടുംബം പരാതി നൽകിയ കാര്യം തൻറെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. പ്രതാപചന്ദ്രന്റെ മക്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഗൗരവമായി കാണും. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം പ്രതാപചന്ദ്രന്റെ മരണം സംബന്ധിച്ചുള്ള പരാതിയിൽ പൊലിസ് നിയമോപദേശം തേടി. മക്കളായ പ്രജിത്ത്, പ്രീതി എന്നിവർ പൊലിസ് മേധാവിക്കിക്ക് നൽകിയ പരാതിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് കേസെടുക്കുന്നത് സംബന്ധിച്ച് നിയമപോദേശം തേടിയത്.