‘പ്രിൻസ്’പരാജയപ്പെട്ടു; വിതരണക്കാര്‍ക്കും നിര്‍മ്മാതാവിനും 3 കോടി നൽകി ശിവകാർത്തികേയൻ
ചെന്നൈ:തമിഴ് സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് ശിവകാര്‍ത്തികേയന്‍ നായകനായ ‘പ്രിന്‍സ്’. വലിയ പ്രചരണങ്ങളോടെ റിലീസ് ചെയ്ത ചിത്രത്തിന് എന്നാല്‍ തിയേറ്ററുകളില്‍ അടിപതറി. തുടര്‍ന്ന് ബോക്‌സ് ഓഫീസില്‍ വലിയ പരാജയമാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്.
പിന്നാലെ നടനെതിരെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെയും വിമര്‍ശനവുമായി നിരൂപകരും വിതരണക്കാരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വിതരണക്കാര്‍ക്ക് ശിവകാര്‍ത്തികേയന്‍ നഷ്ടപരിഹാരം നല്‍കിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
നഷ്ടപരിഹാരമായി മൂന്ന് കോടി രൂപ ശിവകാര്‍ത്തികേയന്‍ വിതരണക്കാര്‍ക്ക് നല്‍കിയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൂടാതെ ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ ശ്രീ വെങ്കടേശ്വര സ്റ്റുഡിയോസിനും മൂന്ന് കോടി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21ന് ആണ് പ്രിന്‍സ് റിലീസ് ചെയ്തത്. തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങിയ പ്രിന്‍സ് ഒരു ഇന്ത്യന്‍ യുവാവും ബ്രിട്ടീഷ് യുവതിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് പറയുന്നത്. ഉക്രേനിയന്‍ നടി മരിയ റിയാബോഷപ്കയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.
അനുദീപ് കെ വി ആണ് പ്രിന്‍സിന്റെ സംവിധായകന്‍. പ്രി റിലീസ് ബിസിനസ്സായി 100 കോടിയോളം രൂപ ചിത്രം നേടിയെന്ന വാര്‍ത്തകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. സത്യരാജ്, പ്രേംഗി അമരന്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടു. തമനായിരുന്നു സംഗീതം.