തിരുവനന്തപുരം : യുവ സംവിധായക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിൽ അന്വേഷിക്കും. നയനയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയാരോപിച്ച് സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ 2019 ഫെബ്രുവരി 24 നാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
9 മൂന്നു വർഷം മുൻപുണ്ടായ മരണത്തിലെ ദുരൂഹതകൾ നീക്കാൻ ഇതുവരെ പൊലീസിനായിട്ടില്ലെന്ന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കാട്ടി സുഹൃത്തുക്കളാണ് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. നയനയുടെ കഴുത്തിൽ കയറിട്ട് മുറുക്കിയ പാട്, വയറ്റിൽ ക്ഷതമേറ്റുള്ള ആന്തരിക സ്രാവം ഇവ വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് സംശയങ്ങളെ ശക്തമാക്കുന്നത്.
കൊലപാതകം അല്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ശരീരത്തിലുള്ള ക്ഷതം എങ്ങനെ വന്നുവെന്നതാണ് ചോദ്യം. മൂന്നു വർഷം മുമ്പ് തിരുവന്തപുരത്തെ വാടക വീട്ടിനുള്ളിലാണ് സംവിധായകയായ നയനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടും മുറിയും അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്ത് കയറി സുഹൃത്തുക്കളാണ് നയനയെ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കേസന്വേഷിച്ച മ്യൂസിയം പൊലീസാണ് കൊലപാതമല്ലെന്ന നിഗമനത്തിൽ എത്തിയത്. വീടും മുറിയും അകത്തുനിന്നും പൂട്ടിയ സാഹചര്യത്തിൽ കൊലപാതക സാധ്യത ആദ്യ അന്വേഷണ സംഘം തള്ളിക്കളഞ്ഞിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫൊറൻസിക് ഡോക്ടറുടെ മൊഴിയും പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഈ അടിസ്ഥാനത്തിൽ തെളിയിക്കപ്പെടാത്ത കേസായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
കഴുത്തു ഞെരിച്ചതിന്റെ പാടും ആന്തരിക രക്തസ്രാവവും എങ്ങനെയുണ്ടായെന്നതിൽ ഇനിയും ദുരൂഹത തുടരുകയാണ്. ആരോപണമുയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഡിസിപി വി അജിത്ത് കേസന്വേഷണ ഫയലുകള്‍ വീണ്ടും വിളിച്ചു വരുത്തി പരിശോധിച്ചു. ജില്ലാ ക്രൈം ബ്രാഞ്ചിനോ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനോ കേസ കൈമാറാനാണ് ആലോചന.
കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയായിരുന്നു നയന. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു നയനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.