മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ സൂരജ് പഞ്ചോളിയെ പ്രത്യേക സിബിഐ കോടതി കുറ്റ വിമുക്തനാക്കി. ജിയയെ ആത്മഹത്യ ചെയ്യാന്‍ കാമുകനായിരുന്ന സൂരജ് പ്രേരിപ്പിച്ചു എന്നതായിരുന്നു കുറ്റം. 22 സാക്ഷികളെയാണ് കേസുമായി ബന്ധപ്പെട്ട് കോടതി വിസ്തരിച്ചത്. എന്നാല്‍ ജിയയുടെ മരണത്തില്‍ സംശയാതീതമായി സൂരജിന്റെ പങ്ക് തെളിയിക്കുന്നതിൽ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.
അന്വേഷണത്തില്‍ സിബിഐ കണ്ടെത്തിയെന്ന് പറയുന്ന വിവരങ്ങളും കുറ്റപത്രത്തിലെ വിശദാംശങ്ങളും വ്യാജമാണെന്നായിരുന്നു സൂരജിന്റെ വാദം. ജിയയുടെ മാതാവ് റാബിയ ഖാന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പോലീസും സിബിഐയും പ്രവര്‍ത്തിച്ചതെന്ന് സൂരജ് ആരോപിച്ചു.
2013 ജൂണ്‍ മൂന്നാം തിയ്യതിയാണ് മുംബൈയിലെ വസതിയില്‍ ജിയ ഖാന്‍ ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച നിലയില്‍ ജിയയെ മാതാവും സഹോദരിയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ് പത്തുവര്‍ഷങ്ങളായി നിയമപോരാട്ടത്തിലായിരുന്നു ജിയയുടെ കുടുംബം.
നടി സെറീന വഹാബിന്റെയും നിര്‍മാതാവും സംവിധായകനുമായ ആദിത്യ പഞ്ചോളിയുടെയും മകന്‍ സൂരജ് പഞ്ചോളിയുമായി ജിയ പ്രണയത്തിലായിരുന്നു. പ്രണയത്തകര്‍ച്ച ആത്മഹത്യയിലേക്ക് നയിച്ചുവെന്നായിരുന്നു റാബിയ ഖാന്റെ ആരോപണം.
പ്രണയബന്ധത്തിലെ ശാരീരികവും മാനസികവുമായ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ജിയയുടെ ആത്മഹത്യ കുറിപ്പില്‍ സൂചനകളുണ്ടായിരുന്നു. പ്രേരണാകുറ്റത്തിന് സൂരജിനനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.
2014 ലാണ് കേസ് മുംബൈ പോലീസ് ഹൈക്കോടതിയുടെ വിധി പ്രകാരം കേസ് സിബിഐയ്ക്ക് കൈമാറിയത്. ജിയയുടേതെന്ന് പറയുന്ന ആറ് പേജുകളോളം വരുന്ന ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സൂരജിനെതിരേ കുറ്റം ചുമത്തിയത്. 2021 ല്‍ കേസിന്റെ വിചാരണ പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റി.
2015-ല്‍ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. സൂരജില്‍ നിന്ന് ജിയ ഗര്‍ഭം ധരിച്ചിരുന്നു. കുഞ്ഞിന് നാല് മാസം വളര്‍ച്ചയെത്തിയപ്പോള്‍ കാമുകനോട് ജിയ ഇതെക്കുറിച്ച് തുറന്ന് പറഞ്ഞു. ഗര്‍ഭം അലസിപ്പിച്ചു കളയാനായിരുന്നു സൂരജിന്റെ നിര്‍ദ്ദേശം.
ഗര്‍ഭം അലസിപ്പിച്ചതിന്റെ ഭാഗമായി ജിയ ശാരീരികമായും മാനസികമായും ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടു. ഈ അവസരത്തില്‍ സൂരജ് ജിയയെ അവഗണിച്ചു. തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ജിയ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.