തിരുവനന്തപുരത്ത് നിന്ന് വീടുവിട്ടിറങ്ങിയ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കടലില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുനവന്തപുരത്ത് നിന്ന് വീടുവിട്ടിറങ്ങിയ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. മറ്റ് രണ്ടു പേര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ഇടിവിഴുന്നവിള ക്ഷേത്രത്തിന് സമീപം വട്ടവിള വീട്ടില്‍ പരേതനായ സുരേന്ദ്രന്‍-ഇന്ദു ദമ്പതികളുടെ മകള്‍ നിഷ (20)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രദേശവാസികളായ ശരണ്യ (20), ഷാരി (17) എന്നിവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പെണ്‍കുട്ടികളെ കാണാതാകുന്നത്. കാണാതായ രണ്ടു പേര്‍ മരിച്ച നിഷയെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയി എന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

ഇവര്‍ കടല്‍ത്തീരത്ത് എത്തിയെന്ന് കരുതുന്ന സ്‌കൂട്ടര്‍ സംഭവ സ്ഥലത്തിന് സമീപം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകളും ചെരുപ്പുകളും ഉപേക്ഷിച്ച നിലയില്‍ സ്ഥലത്തു നിന്നു കണ്ടെടുത്തു. കാണാതായ ഷാരു കോട്ടുകാല്‍ വിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും മരിച്ച നിഷയും കാണാതായ ശരണ്യയും തമിഴ്‌നാട്ടില്‍ ബിബിഎ വിദ്യാര്‍ഥിനികളുമാണ്.

നിഷയുടെ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ അടിമലത്തുറ ഭാഗത്തെ കടലില്‍ നിന്നാണ് കണ്ടെത്തിയത്. പിന്നീട് പുലര്‍ച്ചെ രണ്ടു വരെ മറ്റ് രണ്ടു പേര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നും തെരച്ചില്‍ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News