കൊച്ചി: എറണാകുളം ഇന്‍ഫോപാര്‍ക്കിന് സമീപം കൊല്ലം സ്വദേശി ദിവാകരന് നായരുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ദിവാകരന് നായരുടെ ബന്ധുവും യുവതിയും ഉള്‍പ്പെടെ നാല് പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ക്വട്ടേഷന്‍ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഞായറാഴ്ചയാണ് കൊല്ലം ഇളമാട് സ്വദേശി ദിവാകരന് നായരുടെ മൃതദേഹം ഇന്‍ഫോപാര്‍ക്ക്-കരിമുകള്‍ റോഡില്‍ ബ്രഹ്മപുരത്തിന് സമീപം കണ്ടത്. നാലു കിലോമീറ്റര്‍ അകലെ നിന്ന് ചെരുപ്പുകള്‍ ലഭിച്ചതോടെ മരണത്തില്‍ ദുരൂഹതയേറി. എറണാകുളത്തേക്ക് വന്ന കാര്‍ വര്‍ക് ഷോപ്പില്‍ നല്കിയ ശേഷം ദിവാകരന് നായര്‍ യാത്ര ചെയ്ത ഓട്ടോറിക്ഷ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തില്‍ അന്വേഷണം.
കളമശേരിയിലും പത്തടിപ്പാലത്തും താമസസ്ഥലം അന്വേഷിച്ചു നടക്കുമ്പോള്‍ ഇന്നോവകാര്‍ പിന്തുടര്ന്നു വന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തു എന്നാണ് വിവരം. തുറയൂരിലെ 92 ഏക്കര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. ദിവാകരന് നായര്‍ എറണാകുളത്ത് എത്തി ഫോണ്‍ വിളിച്ച സിപിഐഎം നേതാവിനെ ഇന്‍ഫോപാര്‍ക്ക് പോലീസ് ചോദ്യം ചെയ്തിരുന്നു.
കൊല്ലം മുഖത്തലയിലുള്ള സഹോദരന് മധുസൂദനനും ദിവാകരന് നായരും തമ്മില്‍ ഭൂമിത്തര്‍ക്കം നിലനിന്നിരുന്നു. മധുസൂദനനും മകന് കൃഷ്ണനുണ്ണിയും ചേര്‍ന്ന് തര്‍ക്കം നിലനിന്നിരുന്ന വസ്തു കയ്യേറാന്‍ ശ്രമിച്ചെന്നും ഇത് തടഞ്ഞതിന് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ചെന്നും മകന് രാജേഷ് മുഖത്തല പോലീസന് പരാതി നല്‍കിയിട്ടുണ്ട്. ഈ മാസം പത്താം തീയതി നല്കിയ പരാതിയില്‍ തന്റെയും പിതാവ് ദിവാകരന്റെയും ജീവന് ഭീഷണിയുണ്ടെന്നും രാകേഷിന്റെ പരാതിയിയില്‍ വ്യക്തമാക്കിയിരുന്നു.