മുംബൈ : അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് . പാക് സർക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ചില മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കറാച്ചിയിലെ സൈനികാശുപത്രിയിലാണ് ദാവൂദ് ഇബ്രാഹിമും ഭാര്യയും ചികിത്സയിലുള്ളതെന്നാണ് പുറത്തു വരുന്ന വാർത്തകൾ.
ദാവൂദിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും ക്വാറന്റീനിലാണെന്നാണ് പുറത്തു വരുന്ന വിവരം. 1993-ലെ മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിം പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ പാകിസ്ഥാനിൽ ഒളിച്ചു കഴിയുന്നതായാണ് വിവരം. 2003-ൽ അമേരിക്ക ദാവൂദ് ഇബ്രാഹിമിനെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തലയ്ക്ക് 25 ദശലക്ഷം ഇനാം പ്രഖ്യാപിച്ചിരിക്കുന്ന കുറ്റവാളിയാണ് ദാവൂദ്.
അതേസമയം, പാകിസ്ഥാനിൽ ഇതുവരെ 89,249 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,838 പേർ മരിച്ചു. 31,198 പേർ രോഗമുക്തിയും നേടി.