സിഡ്നി: കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങും മുമ്പ് കാണാതാ ബാഗി ഗ്രീന്‍ ക്യാപ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് തിരികെ കിട്ടി. സിഡ്‌നിയില്‍ പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിനായി എത്തിയപ്പോഴാണ് വിലമതിക്കാനാനാവാത്ത തന്‍റെ ബാഗി ഗ്രീന്‍ തൊപ്പി യാത്രക്കിടെ നഷ്ടമായ വിവരം വാര്‍ണര്‍ അറിയുന്നത്. ഇതോടെ തൊപ്പി കിട്ടിയവര്‍ തിരികെ നല്‍കണമെന്ന് വാര്‍ണര്‍ സമൂഹമാധ്യമങ്ങള്‍ വഴി അഭ്യര്‍ത്ഥിക്കുകയും ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
പാകിസ്ഥാനെതിരായ സിഡ്നി ടെസ്റ്റിന്‍റെ മൂന്നാം ദിനമാണ് വാര്‍ണര്‍ തൊപ്പി തിരികെ കിട്ടിയ കാര്യം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ തുറന്നു പറഞ്ഞത്. എന്റെ ബാഗി ഗ്രീൻ ക്യാപ് തിരികെ കിട്ടിയതിൽ സന്തോഷവും ആശ്വാസവും ഉണ്ട്. അത് കണ്ടെത്താന്‍ പരിശ്രമിച്ചവരോട് എനിക്ക് നന്ദിയുണ്ട്, ക്വാണ്ടാസ് ടീം, ഫ്രൈറ്റ് കമ്പനി, ഹോട്ടൽ അധികൃതര്‍, ഞങ്ങളുടെ സ്വന്തം ടീം മാനേജ്‌മെന്‍റ് അങ്ങനെ എല്ലാവരോടും നന്ദി പറയുന്നു-വാര്‍ണര്‍ പറഞ്ഞു.
പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിനായി സിഡ്നിയിലേക്കുള്ള യാത്രക്കിടെ വാര്‍ണറുടെ ബാഗില്‍ നിന്നാണ് തൊപ്പി മോഷണം പോയതെന്നാണ് വിവരം. തന്‍റെ ബാഗ് ആണ് വേണ്ടതെങ്കില്‍ നിങ്ങളത് എടുത്തോളു എനിക്ക് വേറെ ഒരെണ്ണം ഉണ്ട്, പക്ഷെ ആ തൊപ്പി തിരികെ നല്‍കണം എന്നും വാര്‍ണര്‍ പറഞ്ഞിരുന്നു.
വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്ന വാര്‍ണര്‍ പാകിസ്ഥാനെതിരെ ആദ്യ ഇന്നിംഗ്സില്‍ 20 റണ്‍സെടുത്തു നില്‍ക്കെ ജീവന്‍ കിട്ടിയെങ്കിലും 34 റണ്‍സെടുത്ത് പുറത്തായി. ടെസ്റ്റിന് പുറമെ ഏകദിനത്തില്‍ നിന്നും 36കാരനായ വാര്‍ണര്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാച്ചിരുന്നു. ഏകദിനവും ടെസ്റ്റും മതിയാക്കിയെങ്കിലും വരുന്ന ടി20 ലോകകപ്പിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും വാര്‍ണര്‍ കളിക്കും.
അവസാന ടെസ്റ്റിന് മുമ്പായി ഒരു വിഷമകരമായ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് വാര്‍ണര്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വാര്‍ണര്‍ വാര്‍ത്ത പങ്കുവച്ചത്. മൂന്നാം ടെസ്റ്റിനായി സിഡ്‌നിയിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹത്തിന്റെ ബാഗി ഗ്രീന്‍ (ടെസ്റ്റ് ക്യാപ്പ്) നഷ്ടപ്പെട്ടിരിക്കുന്നു. തന്റെ ബാക്ക്പാക്ക് ബാഗിനുള്ളിലാണ് വാര്‍ണര്‍ തൊപ്പി വച്ചിരുന്നത്.
161 ഏകദിനങ്ങളില്‍ നിന്ന് 22 സെഞ്ച്വറിയും 33 അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ 6932 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. 179 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഓസ്‌ട്രേലിയയുടെ 2015, 2021 ഏകദിന ലോകകപ്പ് നേട്ടങ്ങളിലും നിര്‍ണായക പങ്കാളിയായിരുന്നു ഡേവിഡ് വാര്‍ണര്‍. സിഡ്നി ടെസ്റ്റിന് മുമ്പ് 109 ടെസ്റ്റുകളിലെ 199 ഇന്നിംഗ്സുകളില്‍ 25 സെഞ്ചുറിയും മൂന്ന് ഇരട്ട സെഞ്ചുറിയും 36 ഫിഫ്റ്റികളും അടക്കം 44.43 ശരാശരിയില്‍ 8487 റണ്‍സാണ് വാര്‍ണറുടെ നേട്ടം.