ഏഴുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; നൃത്താധ്യാപകന് 52 കൊല്ലം കഠിനതടവും മൂന്നുലക്ഷം പിഴയും 

ഏഴുവയസ്സുകാരന് ലൈംഗികപീഡനം; നൃത്താധ്യാപകന് 52 കൊല്ലം കഠിനതടവും മൂന്നുലക്ഷം പിഴയും 

തിരുവനന്തപുരം: നൃത്തപഠനത്തിനെത്തിയ ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച നൃത്താധ്യാപകന് 52 കൊല്ലം കഠിനതടവും 3.25 ലക്ഷം പിഴയും. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടില്‍ സുനില്‍ കുമാറി (46)നെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നര വര്‍ഷം വെറുംതടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണം.

അധ്യാപകനായ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും അധ്യാപകന്‍ എന്ന നിലയില്‍ കുട്ടികള്‍ നല്‍കിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നും വിധിന്യായത്തില്‍ പറയുന്നു. മറ്റൊരു പന്ത്രണ്ടു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലും സുനില്‍കുമാര്‍ പ്രതിയാണ്.

2017-19 കാലത്താണ് കുട്ടി നൃത്തം പഠിക്കാന്‍ പോയത്. ഈ സമയത്തായിരുന്നു പലവട്ടം ലൈംഗികചൂഷണം നടന്നത്. ഇതേത്തുടര്‍ന്ന് നൃത്തം പഠിക്കാന്‍ പോകുന്നില്ലെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ മടിയാണെന്ന് കരുതി വീട്ടുകാര്‍ വീണ്ടും കുട്ടിയെ ക്ലാസിന് വിട്ടു. പ്രതിയുടെ ഭീഷണിയെത്തുടര്‍ന്ന് കുട്ടി കാരണം പുറത്തുപറഞ്ഞിരുന്നില്ല. അനുജനെയും നൃത്തപഠനത്തിന് വിടാന്‍ വീട്ടുകാര്‍ ഒരുങ്ങിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി. പ്രോസിക്യൂഷന്‍ പതിനേഴ് സാക്ഷികളെ വിസ്തരിക്കുകയും പതിനേഴ് രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പാങ്ങോട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടമാരായ സുനീഷ് എന്‍., സുരേഷ് എം.ആര്‍. എന്നിവരാണ് അന്വേഷണം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News