27.8 C
Kottayam
Wednesday, May 29, 2024

വിദ്യാര്‍ത്ഥിയില്‍ സ്വഭാവ വ്യത്യാസം, അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിയ്ക്കുന്ന വിവരം;ഡാൻസ്‌ മാസ്റ്റർ അറസ്റ്റിൽ

Must read

കൊല്ലം: കൊല്ലത്ത് 12 കാരനെ പീഡിപ്പിച്ച കേസിൽ ഡാൻസ് മാസ്റ്റർ അറസ്റ്റിലായി. കൊല്ലം കുമ്മിൾ സ്വദേശി സുനിൽകുമാറാണ് പിടിയിലായത്. നാല് വർഷം മുൻപും സമാനമായ കേസിൽ ഇയാൾ പിടിയിലായിരുന്നു. 12 വയസുകാരനിലുണ്ടായ സ്വഭാവ വ്യത്യാസം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ സ്കൂൾ വഴി കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. 

വിവരമറിഞ്ഞ് മാതാപിതാക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത്  ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. സ്കൂൾ യുവജനോത്സവങ്ങളിൽ അടക്കം കുട്ടികളെ വർഷങ്ങളായി ഡാൻസ് പഠിപ്പിക്കുന്നയാളാണ് സുനിൽ കുമാർ. 2019 ലും സമാനമായ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. അന്ന് കേസെടുത്തത് പാങ്ങോട് പൊലീസായിരുന്നു.

ആ കേസിൽ റിമാന്റിലായിരുന്ന ഇയാൾ 60 ദിവസം ജയിലിൽ കഴിഞ്ഞു. ഇതിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയതായിരുന്നു. ഈ വിവരം അറിയാതെയാണ് ഇയാളുടെ അടുത്തേക്ക് മക്കളെ മാതാപിതാക്കൾ ഡാൻസ് പഠിപ്പിക്കാൻ അയച്ചത്. കൂടുതൽ കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കോഴിക്കോടും സമാനമായ കുറ്റകൃത്യം നടന്നു. പുതുപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെയാണ് അറസ്റ്റ് ചെയ്തു. കെട്ടിട നിർമാണ കരാറുകാരനാണ് പ്രതി മുസ്തഫ. താമരശ്ശേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. 10 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഇയാൾക്കെതിരെ അഞ്ച് പരാതികൾ ഇതുവരെ താമരശ്ശേരി പൊലീസിൽ ലഭിച്ചിട്ടുണ്ട്. വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ട കുട്ടിയാണ് ആദ്യം പരാതി നൽകിയത്. മുസ്തഫക്കൊപ്പം മറ്റൊരാൾ കൂടി ഉപദ്രവിച്ചതായി കുട്ടികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.

സാക്ഷര കേരളത്തെ നാണിപ്പിച്ചുകൊണ്ട് കുഞ്ഞുങ്ങൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകൾ കുതിച്ചുയരുന്നു. ഈ വർഷം മാത്രം രജിസ്റ്റർ ചെയ്തത് രണ്ടായിരത്തിലധികം കേസുകൾ. ഒരു ദിവസം പത്ത് പോക്സോ കേസെങ്കിലും റിപ്പോർട്ട് ചെയ്യുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

ആലുവയില്‍ നാലു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയിട്ട് ദിവസങ്ങള്‍ മാത്രം. മധുരം വാങ്ങി നല്‍കി കൂടെക്കൂട്ടിയ കുരുന്നിനെ പ്രതി അതിപൈശാചികമായി കൊന്നു തള്ളി. ആലുവയുടെ ഞെട്ടൽ മാറും മുമ്പ് തന്നെ തിരൂരങ്ങാടിയിൽ അടുത്ത കുരുന്ന് പീഡിപ്പിക്കപ്പെട്ടു. ഇത്തരത്തിൽ കേരളത്തിലെ ബാലപീഡനങ്ങൾ ഞെട്ടിക്കും വിധം വർധിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുത്താൽ രേഖപ്പെടുത്തിയ പോക്സോ കേസുകളുടെ എണ്ണം 16,944. ഇതിൽ കുരുന്നുകള്‍ പീഡിപ്പിക്കപ്പെട്ട കേസുകൾ 6,583. കൊല്ലപ്പെട്ട കുരുന്നുകള്‍ 126. അതായത് കഴിഞ്ഞ അഞ്ചു വർഷത്തെ പ്രതിവർഷ ശരാശരി 1316. ഇനി ഈ വർഷത്തെ കണക്കുകൾ നോക്കാം. ഏഴു മാസം മാത്രം രേഖപ്പെടുത്തിയത് 2234 പോക്സോ കേസുകൾ. പീഡിപ്പിക്കപ്പെട്ട കുരുന്നുകള്‍ 833. കൊല്ലപ്പെട്ടത് എട്ട് കുരുന്നുകള്‍.

എറണാകുളം മട്ടാഞ്ചേരിയിൽ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. മട്ടാഞ്ചേരി സ്വദേശി ജഹാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മട്ടാഞ്ചേരി പൊലീസ് അറിയിച്ചു.

പിടിയിലായ മദ്രസ അധ്യാപകനെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാള്‍ മറ്റ് കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ തിരുവനന്തപുരം പൂവ്വാറിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളെ ഒരു വർഷത്തോളം പീഡിപ്പിച്ച മുൻ സൈനികനായ ഷാജി ആണ് പിടിയിലായത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week