കിഴക്കമ്പലം: കിഴക്കമ്പലത്ത് കുന്നത്തുനാട് എം.എല്‍.എയ്ക്കെതിരേ പ്രതിഷേധത്തില്‍ പങ്കെടുത്ത പട്ടികജാതി യുവാവിനു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം. കാവുങ്ങപ്പറമ്പ് ചായാട്ടുചാലില്‍ കുഞ്ഞാറുവിന്റെ മകന്‍ ദീപു(38) ആണ് അക്രമത്തിനിരയായത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവ് വെന്റിലേറ്ററിലാണ്.
കഴിഞ്ഞ 12നു വൈകിട്ട് 7.50 നായിരുന്നു സംഭവം. ട്വന്റി 20യുടെ നേതൃത്വത്തില്‍ എം.എല്‍.എയ്ക്കെതിരേ സംഘടിപ്പിച്ച വിളക്കണയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തകനായ ദീപുവിന് മര്‍ദനമേറ്റത്. സി.പി.എം. പ്രവര്‍ത്തകരായ കാവുങ്ങപ്പറമ്പ് പറാട്ട് വീട്ടില്‍ സൈനുദ്ദീന്‍ സലാം, പറാട്ട് ബീയാട്ട്് വീട്ടില്‍ അബ്ദുള്‍ റഹ്‌മാന്‍, നെടുങ്ങാടന്‍ വീട്ടില്‍ ബഷീര്‍, വലിയപറമ്പില്‍ അസീസ് എന്നിവരടങ്ങുന്ന സംഘം ദീപുവിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നെന്നു പിതാവ് പറഞ്ഞു.
വീടിനു പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന പ്രതികളുടെ ഭീഷണിമൂലം മര്‍ദനത്തില്‍ പരുക്കേറ്റ യുവാവിനെ യഥാസമയം ആശുപത്രിയില്‍ എത്തിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പഞ്ചായത്തുകളുടെ സഹകരണത്തോടെ എല്ലാ ഇലക്ട്രിക് പോസ്റ്റുകളിലും സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ട്വന്റി20 ആവിഷ്‌കരിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതി കഴിഞ്ഞ ദിവസം എം.എല്‍.എയുടെ ഇടപെടല്‍മൂലം കെ.എസ്.ഇ.ബി. മരവിപ്പിച്ചെന്ന് ആരോപിച്ചാണ് വിളക്കണയ്ക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
എം.എല്‍.എയ്ക്കെതിരേ കഴിഞ്ഞ 12 ന് ട്വന്റി20 ഭരണം നടത്തുന്ന മഴുവന്നൂര്‍, ഐക്കരനാട്, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിലെ വീടുകളില്‍ വൈകിട്ട് 7 മുതല്‍ 7.15 വരെ വിളക്കുകള്‍ കെടുത്തി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.