27.9 C
Kottayam
Saturday, April 27, 2024

ലെസ്ബിയൻ പങ്കാളികളെ വച്ച് പരസ്യം;മന്ത്രിയുടെ താക്കീതിനു പിന്നാലെ പരസ്യം പിൻവലിച്ച് ഡാബർ

Must read

ലെസ്ബിയൻ പങ്കാളികളെ മോഡലുകളാക്കി കർവാചൗതിനോട് അനുബന്ധിച്ച് ഡാബർ ചെയ്ത പരസ്യം വൈറലായിരുന്നു. തുല്യതയെയും വിവാഹത്തിലെ പുരോ​ഗമന സങ്കൽപങ്ങളെയുമൊക്കെ ആഘോഷിച്ച പരസ്യത്തെ പിന്തുണച്ച് എൽജിബിടിക്യു വിൽ നിന്നുൾപ്പെടെയുള്ളവർ രം​ഗത്തെത്തിയിരുന്നു. എന്നാൽ ചിലരാകട്ടെ പരസ്യത്തിൽ ലെസ്ബിയൻ പങ്കാളികളെ കാണിച്ചതിൽ രോഷാകുലരാവുകയും ചെയ്തു. ഇപ്പോഴിതാ വിഷയത്തിൽ മധ്യപ്രദേശ് മന്ത്രിയുടെ താക്കീതിനു പിന്നാലെ പരസ്യം പിൻവലിച്ചിരിക്കുകയാണ് ഡാബർ.

ഫെമിന്റെ കർവാചൗത് ക്യാംപയിൻ സമൂഹമാധ്യമത്തിൽ നിന്നു പിൻവലിക്കുകയാണെന്നും ജനവികാരത്തെ വേദനിപ്പിച്ചതിൽ നിർവ്യാജം ഖേദിക്കുന്നു എന്നുമാണ് ഡാബർ ഇന്ത്യാ ലിമിറ്റഡ് ട്വീറ്റ് ചെയ്തത്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് പരസ്യത്തിനെതിരെ താക്കീതുമായി രം​ഗത്തെത്തിയത്.

ലെസ്ബിയൻ പങ്കാളികൾ കർവാചൗത് ആഘോഷിക്കുന്ന രീതിയിൽ പരസ്യത്തിന്റെ ഉള്ളടക്കം ചെയ്തതിനെതിരെയാണ് മിശ്ര പ്രതികരിച്ചത്. ഭാവിയിൽ രണ്ടു പുരുഷന്മാർ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കുന്നതായും അവർ പ്രദർശിപ്പിക്കും എന്നാണ് മിശ്ര പറഞ്ഞത്. പരസ്യം പിൻവലിക്കാൻ കമ്പനിയോട് ആവശ്യപ്പെടണമെന്ന് പോലീസിന് നിർദേശം നൽകിയതായും കമ്പനി അനുസരിക്കാത്ത പക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ആദ്യത്തെ കർവാ ചൗതിനു വേണ്ടി തയ്യാറെടുക്കുന്ന രണ്ട് പെൺകുട്ടികളാണ് വീഡിയോയിലുള്ളത്. ഒരു പെൺകുട്ടിയുടെ മുഖത്ത് മറ്റൊരു പെൺകുട്ടി ബ്ലീച്ച് ഇട്ടുകൊടുക്കുകയാണ്. ഒപ്പം കർവാചൗതിനെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ഉപവാസം അനുഷ്ടിക്കുന്ന ദിനമാണ് കർവാ ചൗത് എന്ന നിരീക്ഷണവും അവർ നടത്തുന്നുണ്ട്. ഒടുവിലാണ് രണ്ടുപേരും പരസ്പരമാണ് ഉപവാസം അനുഷ്ടിച്ച് കർവാ ചൗത് ആചരിക്കുന്നതെന്ന് വ്യക്തമാവുക.

പുരോ​ഗമനപരമായ ആശയം പങ്കുവച്ച പരസ്യത്തിന് നിരവധി പേരാണ് പിന്തുണയുമായി എത്തിയിരുന്നത്. എൽജിബിടിക്യു സമൂഹത്തെ പിന്തുണച്ചുകൊണ്ടുള്ള ഇത്തരം മാറ്റങ്ങളെ പിന്തുണയ്ക്കണമെന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week