KeralaNews

കത്ത് നശിപ്പിച്ചെന്ന് ഡി ആര്‍ അനില്‍, മേയറുടെ പേരിലുള്ള കത്തിൻ്റെ ഒറിജിനലും കണ്ടെത്താനായില്ല

തിരുവനന്തപുരം : എസ് എ ടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് താൻ തയ്യാറാക്കിയ കത്ത് നശിപ്പിച്ചെന്ന് സിപിഎം നേതാവും കോർപ്പറേഷൻ കൌൺസിലറുമായ ഡി ആര്‍ അനില്‍.

കുടുംബശ്രീക്ക് വേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്ന് മനസിലായതിനാൽ നശിപ്പിച്ചെന്നാണ് ഡി.ആര്‍ അനില്‍ വിജിലൻസിന്  നൽകിയ മൊഴി. 
തന്റെ ഓഫീസിൽ തയ്യാറാക്കിയ കത്ത് എങ്ങനെ പുറത്ത് പോയെന്ന് അറിയില്ലെന്നും ഇയാളുടെ മൊഴിയിലുണ്ട്. 

പിൻവാതിൽ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ ലെറ്റർ പാഡിൽ കത്ത് നൽകിയ സംഭവത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ഡി ആർ അനിൽ ക്രൈംബ്രാഞ്ചിനോടും വിജിലൻസിനോടും വിശദീകരിച്ചത്. മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നും അനിലിന്റെ മൊഴിയിലുണ്ട്. 

മേയറുടെ ലെറ്റർ പാഡിലുള്ള കത്തിന്റെ പകർപ്പ് അനിൽ തിരുവനന്തപുരത്തുള്ള സിപിഎം നേതാക്കളുടെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലിടുകയും അവിടെ നിന്നും ചോരുകയുമായിരുന്നുവെന്നുമാണ് ആരോപണം. എന്നാലിതെല്ലാം അനിൽ നിഷേധിക്കുകയാണ്. മേയറുടെ കത്തിന്റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ് ലഭിച്ചതെന്നാണ് അനിലിന്റെ മൊഴി. 

അതേ സമയം, കോർപ്പറേഷനിലെ കരാർ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയോട് ലിസ്റ്റാവശ്യപ്പെട്ട് 
മേയറുടെ പേരില്‍ വന്ന കത്തിന്റെ ഒറിജിനല്‍ വിജിലന്‍സിനും ലഭിച്ചില്ല. മേയറുടെ കത്ത് തേടി വിജിലന്‍സും
അന്വേഷണം ശക്തമാക്കിയെങ്കിലും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മേയറുടെ കത്തിന്റെ ഒറിജിനല്‍ ലഭിക്കാതെ അന്വേഷണം ബുദ്ധിമുട്ടാണെന്നാണ് വിജിലന്‍സ് നിലപാട്. കത്ത് കണ്ടെത്താന്‍ കോര്‍പറേഷനിലെ കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button