പോര്‍ട്ട് ബ്ലെയര്‍: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ‘അസാനി’ ചുഴലിക്കാറ്റായി ഇന്ന് തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെങ്ങും കനത്ത മഴയും ശക്തമായ കാറ്റുമാണ്.
തീരപ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ആറിടത്ത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കി. ദ്വീപുകള്‍ തമ്മിലും ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കുമുള്ള കപ്പല്‍ ഗതാഗതം നാളെ വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. മീന്‍പിടിത്തക്കാരോടു കടലില്‍ ഇറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ന്യൂനമര്‍ദം അസാനി ചുഴലിക്കാറ്റായതിന് ശേഷം വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിച്ച് നാളെയോടെ ബംഗ്ലാദേശ്-മ്യാന്‍മാര്‍ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ന്യൂനമര്‍ദത്തിന്റെ ഫലമായി അഞ്ചുദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.