ദുബായ്: യൂട്യൂബറും വ്‌ലോഗറുമായ റിഫ മെഹ്നു(21)വിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സോഷ്യല്‍ലോകം. അതേസമയം മരണ വാര്‍ത്തയ്ക്ക് താഴെ സദാചാര സൈബര്‍ ആക്രമണം നിറയുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലെ അനാവശ്യ ഇടപെടലാണ് റിഫയുടെ മരണത്തിന് കാരണമായതെന്ന തരത്തിലുള്ള ഹേറ്റ് കമന്റുകളാണ് ഇവരുടെ മരണ വാര്‍ത്തക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.
‘സോഷ്യല്‍ മീഡിയയില്‍ റീച്ച് കിട്ടാന്‍ എന്ത് കോപ്രായം കാണിക്കുമ്പോള്‍ ഓര്‍ക്കണം, അല്ലാഹുവിനെ ഭയമില്ലാതെ ജീവിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു മുസ്ലിങ്ങള്‍. ഇന്‍സ്റ്റയിലെ രാജ്ഞിമാരുടെ സ്ഥിരം പരിപാടിയാണിത്. ഇന്‍സ്റ്റയില്‍ തള്ളുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്കും പാഠമാണിത്. വളര്‍ത്തിയ മാതാപിതാക്കളെ ജയിലില്‍ ആക്കി, ആത്മഹത്യ ആയിരുന്നെങ്കില്‍ കേരളത്തില്‍ വന്ന് ചെയ്ത് കൂടായിരുന്നോ. ലൈക്ക് വര്‍ധനവ് കൊണ്ട് ജീവിതം സുന്ദരമാവില്ല,’ തുടങ്ങിയ വിദ്വേഷ കമന്റുകളാണ് വാര്‍ത്തക്ക് താഴെയുള്ളത്.
വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. എല്ലാവര്‍ക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്‌പേസ് ആണ് സോഷ്യല്‍ മീഡിയയെന്നും സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്!!*!േട്രഷന്‍ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടതെന്നും ഷിംന ഫേസ്ബുക്കില്‍ എഴുതി.
‘കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച് എന്തൊക്കെയാണ് വിളിച്ച് പറയുന്നത്. ശരിക്കും ഇവരുടെയൊക്കെ പ്രശ്‌നം എന്താണ്? ഒരു വേദിയില്‍ മൈക്ക് കെട്ടി സംസാരിക്കുന്നത് പോലെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വായില്‍ കമന്റിടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ? അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ?,’ ഷിംന അസീസ് എഴുതി.
കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ(20)യെ കഴിഞ്ഞ ദിവസമാണ് ദുബായ് ജാഫലിയ്യയിലെ ഫളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യൂട്യൂബ്, ടിക് ടോക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലും വീഡിയോ ആല്‍ബങ്ങളിലും സജീവമായിരുന്നു റിഫ. റിഫ ഭര്‍ത്താവിനൊപ്പമാണ് ‘റിഫ മെഹ്നൂസ്’ എന്നപേരില്‍ വ്‌ളോഗിങ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്.
തിങ്കളാഴ്ച രാത്രി വരെ സാമൂഹികമാധ്യമങ്ങളില്‍ ഇവര്‍ സജീവമായിരുന്നു. ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് ഭര്‍ത്താവിനൊപ്പമുള്ള വീഡിയോയാണ് അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാത്രി മെഹ്നുവിന് പുറത്ത് ഒരു വിരുന്നുണ്ടായിരുന്നു. എന്നാല്‍, ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്നതിനാല്‍ റിഫ പോയിരുന്നില്ല. മെഹ്നു പുലര്‍ച്ചെ ഒന്നോടെ തിരിച്ചുവന്നപ്പോള്‍, റിഫയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പറയുന്നത്.
ഭര്‍ത്താവിനും രണ്ടുവയസ്സുള്ള മകന്‍ ഹസ്സാന്‍ മെഹ്നുവിനുമൊപ്പം മൂന്നുമാസം മുമ്പ് സന്ദര്‍ശക വിസയില്‍ റിഫ വിദേശത്തുപോയിരുന്നു. ജനുവരിയില്‍ മകനോടൊപ്പം നാട്ടിലെത്തി. മകനെ തന്റെ മാതാപിതാക്കള്‍ക്കൊപ്പം നിര്‍ത്തി ജനുവരി 24-നാണ് തിരിച്ചു വിദേശത്തേക്ക് പോയത്. തുടര്‍ന്ന് അവിടെ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
മൂന്നുവര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാം വഴിയുള്ള പരിചയത്തെ തുടര്‍ന്നാണ് കാസര്‍കോട് സ്വദേശിയും യൂട്യൂബറുമായ മെഹ്നാസിനെ വിവാഹം കഴിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ച വിവരം നാട്ടിലറിഞ്ഞത്. കാക്കൂര്‍ പാവണ്ടൂര്‍ മാക്കൂട്ടം പറമ്പില്‍ റാഷിദിന്റെയും ഷെറീനയുടെയും മകളാണ്. റിജുന്‍ സഹോദരനാണ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് മെഹ്നാസിനൊപ്പം ആഴ്ചകള്‍ക്ക് മുമ്പാണ് റിഫ ദുബായിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.