മുംബൈയുടെ തോല്‍വി ഹാര്‍ദിക് പാണ്ഡ്യയ്ക്ക്‌ രൂക്ഷവിമർശനം;ഭാര്യ നടാഷ സ്റ്റാൻകോവിച്ചിനെതിരെ സൈബർ ആക്രമണം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മോശം പ്രകടനത്തിനു പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഭാര്യയ്‌ക്കെതിരെ തിരിഞ്ഞ് ആരാധകര്‍. വന്‍ തോതിലുള്ള സൈബര്‍ ആക്രമണമാണ് പാണ്ഡ്യയുടെ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചിനെതിരെ സമൂഹമാധ്യമത്തില്‍ ഉയരുന്നത്. മോഡലായ നടാഷ സമൂഹമാധ്യമത്തില്‍ ഇടുന്ന ചിത്രങ്ങള്‍ക്കു കീഴിലാണ് കളി തോറ്റതിന്റെ രോഷം മുഴുവന്‍ ആരാധകര്‍ തീര്‍ക്കുന്നത്.

പല ചിത്രങ്ങള്‍ക്കു കീഴിലും മോശം രീതിയിലുള്ള കമന്റുകളുമുണ്ട്. സംഭവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയോ, നടാഷ സ്റ്റാന്‍കോവിച്ചോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടും രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും മുംബൈ ഇന്ത്യന്‍സ് തോറ്റിരുന്നു. തിങ്കളാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.

സീസണിലെ ആദ്യ മത്സരത്തിനിടെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടു ബഹുമാനമില്ലാതെ പെരുമാറിയെന്നു പറഞ്ഞാണ് പാണ്ഡ്യയ്‌ക്കെതിരെ ആരാധകര്‍ തിരിഞ്ഞത്. സീസണിലെ രണ്ടാം മത്സരവും തോറ്റതോടെ വിമര്‍ശനം ശക്തമായി. ആദ്യ രണ്ടു കളികളിലും ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങാന്‍ ഹാര്‍ദിക്കിന് സാധിച്ചിരുന്നില്ല. രോഹിത് ശര്‍മയുടെ പേരു ചാന്റ് ചെയ്തും പാണ്ഡ്യയെ പ്രകോപിപ്പിക്കാന്‍ ഗാലറിയിലെ ആരാധകര്‍ ശ്രമിച്ചിരുന്നു.

ഐപിഎല്ലിന്റെ 2024 സീസണു മുന്നോടിയായാണ് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരുന്ന പാണ്ഡ്യ മുംബൈയിലെത്തിയത്. തൊട്ടുപിന്നാലെ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു നീക്കി. മുംബൈയില്‍ കളിക്കണമെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനവും തനിക്കു വേണമെന്ന് ഹാര്‍ദിക് പാണ്ഡ്യ ആവശ്യമുന്നയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News