തിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പോലീസ് കേസെടുത്തു. ഇടതുസംഘടനാ നേതാവും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരേയാണ് പൂജപ്പുര പോലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരേ സൈബര്‍ ആക്രമണം രൂക്ഷമായത്. ദിവസങ്ങളായി തുടരുന്ന സൈബര്‍ ആക്രമണത്തില്‍ കഴിഞ്ഞദിവസമാണ് അച്ചു ഉമ്മന്‍ പരാതി നല്‍കിയത്.
സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അച്ചുവിന്റെ പരാതി. എന്നാല്‍, അച്ചു ഉമ്മന്‍ പോലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയതിന് പിന്നാലെ നന്ദകുമാര്‍ മാപ്പപേക്ഷയുമായി ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തിയിരുന്നു.
‘ഏതെങ്കിലും വ്യക്തിയെ ആക്ഷേപിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിന് കീഴെ വന്ന പ്രകോപനപരമായ കമന്റുകള്‍ക്ക് മറുപടി പറയുന്നതിനിടയില്‍ ഞാന്‍ രേഖപ്പെടുത്തിയ ഒരു കമന്റ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്ക് അപമാനകരമായിപ്പോയതില്‍ ഞാന്‍ അത്യധികം ഖേദിക്കുന്നു.
സ്ത്രീത്വത്തെ അപമാനിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയില്‍പ്പെട്ട ഉടനെ ആ പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്തു. അറിയാതെ സംഭവിച്ചുപോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു’, എന്നായിരുന്നു നന്ദകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.