26 C
Kottayam
Monday, May 13, 2024

ഇറച്ചി വെട്ട് യന്ത്രത്തിലെ സ്വർണക്കടത്ത്: സിനിമാ നിർമ്മാതാവിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ്

Must read

കൊച്ചി: ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണം ഒളിച്ചുകടത്തിയ സംഭവത്തിൽ സിനിമാ നിർമ്മാതാവിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന. സിനിമാ നിർമ്മാതാവ് സിറാജ്ജുദ്ദിന്റെ വീട്ടിലാണ് കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയത്. തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാന്റെ മകനും ഇയാളും ചേർന്ന് സ്വർണം കടത്തിയെന്ന സൂചനയെ തുടർന്നാണ് റെയ്ഡ്. നിർമാതാവിന് സ്വർണക്കടത്തിൽ നിർണായക പങ്കുണ്ടെന്നാണ് വിവരം. വാങ്ക്, ചാർമിനാർ സിനിമകളുടെ നിർമാതാവാണ് സിറാജുദ്ദീൻ.

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് രണ്ട് കിലോയിലേറെ സ്വർണം കടത്തിയെന്നാണ് കേസ്. തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാനും മുസ്ലീം ലീഗ് നേതാവുമായ എഎ ഇബ്രാഹിംകുട്ടിയുടെ മകന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഇവരുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ഇബ്രാഹിംകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കയറി.

ദുബായിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കാർഗോ വഴി അയച്ച ഇറച്ചി വെട്ട് യന്ത്രത്തിനുള്ളിൽ നിന്നാണ്  രണ്ട് കിലോ 232 ഗ്രാം സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്. തൃക്കാക്കരയിലെ തുരുത്തുമ്മേൽ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇറച്ചിവെട്ട് യന്ത്രമെത്തിയത്. ഇത് വാങ്ങാനെത്തിയ നകുൽ എന്നയാളുമായും ഈ സ്ഥാപനവുമായും നഗരസഭ വൈസ് ചെയർമാന്റെ മകൻ ഷാബിറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എഎ ഇബ്രാഹിംകുട്ടിയുടെയും സഹോദരന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഇവിടെ നിന്ന് ലാപ്ടോപ്പ് അടക്കം കസ്റ്റംസ് പിടിച്ചെടുത്തു. പരിശോധന സമയത്ത് ഷാബിർ വീട്ടിലുണ്ടായിരുന്നില്ല. തുരുത്തുമ്മേൽ എന്റർപ്രൈസിന്റെ പേരിൽ നേരത്തെയും ഇത്തരത്തിൽ കാർഗോ എത്തിയിട്ടുണ്ട്. ഇതിൽ സ്വർണം കടത്തിയോ എന്ന് പരിശോധിക്കുന്നതിനായി സ്ഥാപനത്തിലെ നാല് ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്ന് കിട്ടിയ വിവരത്തെ തുടർന്നായിരുന്നു എഎ ഇബ്രാഹിംകുട്ടിയുടെ വീട്ടിലെ പരിശോധന. അന്വേഷണ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.   

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week