തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം കസ്റ്റംസ് ഓഫീസിലെത്തിയ ശിവശങ്കറിനെ ഡിആര്‍ഐ, കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യുന്നത്. വൈകുന്നേരം നാലോടെ പൂജപ്പുരയിലെ വീട്ടിലെത്തി ശിവശങ്കറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു.
എയര്‍കാര്‍ഗോ കമ്മീഷണര്‍ രാമമൂര്‍ത്തി ഉള്‍പ്പെടെ മൂന്നംഗ സംഘമാണ് ശിവശങ്കറിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയത്. ഔദ്യോഗിക ബോര്‍ഡ് ഇല്ലാത്ത വാഹനത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. മാധ്യമങ്ങളോട് പ്രതികരിക്കാനും ഉദ്യോഗസ്ഥര്‍ തയാറായില്ല. ഇതിനു പിന്നാലെയാണ് മുന്‍വശത്ത് തമ്പടിച്ചിരുന്ന മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ശിവശങ്കര്‍ വീടിന് പിന്‍വശത്തുകൂടി കസ്റ്റംസ് ഓഫീസിലേക്കുപോയത്.
അതേസമയം, പല സ്വര്‍ണക്കടത്തിന്റെയും ഗൂഡാലോചന ശിവശങ്കറിന്റെ ഫ്ളാറ്റില്‍ വച്ചായിരുന്നുവെന്ന് കേസിലെ പ്രതി സരിത് മൊഴി നല്കി. എന്നാല്‍ ഗൂഡാലോചനയില്‍ ശിവശങ്കറിന് പങ്കില്ലെന്നും സരിത് വ്യക്തമാക്കി.