KeralaNews

ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ നൂറ് കോടിയുടെ തട്ടിപ്പ്; കണ്ണൂരില്‍ നാല് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ നൂറ് കോടിയുടെ തട്ടിപ്പ്. ബംഗളുരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോങ് റിഡ്ജ് കമ്പനിയുടെ പേരിലാണ് തട്ടിപ്പ്. നാല് പേരെ പൊലീസ് അറസ്റ്റുചെയ്തു. ഇവര്‍ ആയിരത്തിലധികം പേരെ കബളിപ്പിച്ചതായി പോലീസ് പറഞ്ഞു. നാല് മാസം മുന്‍പ് കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ക്രിപ്റ്റോ കറന്‍സി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ ആയിരത്തലധികം പേരെ കബളിപ്പിച്ചത്. മലപ്പുറം മുതല്‍ കാസര്‍കോട് ജില്ലയിലുള്ളവരെയാണ് ഇവര്‍ കബളിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു. മണി ചെയിന്‍ മാതൃകയിലുള്ള നിക്ഷേപത്തട്ടിപ്പാണിത്. ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപമിറക്കുന്നവര്‍ക്ക് 20% ലാഭവിഹിതവും 100 യുഎസ് ഡോളര്‍ നിക്ഷേപിക്കാന്‍ ആളെ കണ്ടെത്തുന്നവര്‍ക്ക് 10% കമ്മിഷനും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോങ് റിഡ്ജ് ടെക്നോളജീസ് എന്ന കമ്പനിയുടെ പേരിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.കോഴിക്കോട് സ്വദേശികളായ മുഹമ്മദ് റിയാസ്, വസിം മുനവറലി, മലപ്പുറം സ്വദേശികളായ ഷഫീക്ക്, മുഹമ്മദ് ഷഫീക്ക് എന്നിവരാണ് പിടിയിലായ പ്രതികള്‍. വലിയ പ്രതിഫലം ആഗ്രഹിച്ചാണ് ആളുകള്‍ ഇതില്‍ പങ്കാളികളായത്.

ഒരാളില്‍ നിന്ന് ഇവര്‍ ഒരുലക്ഷം രൂപയാണ് വാങ്ങിയിരുന്നത്. ഈ നാലംഗസംഘം ആയിരത്തിലധികം പേരെ ഇതേ രീതിയില്‍ ഈ ബിസിനസില്‍ പങ്കാളിയാക്കിയെന്ന് പൊലീസ് പറയുന്നു. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button