വിവാഹജീവിതത്തിലെ ക്രൂരത കണക്കിലെ കൃത്യതയോടെ നിർവചിക്കാനാകില്ല- ഹൈക്കോടതി

കൊച്ചി: വൈവാഹിക ജീവിതത്തിലെ ക്രൂരത കണക്കിലെ കൃത്യതപോലെ നിര്‍വചിക്കാനാകില്ലെന്നും സ്‌നേഹരഹിതമായി കുടുംബജീവിതം മുന്നോട്ടുപോകില്ലെന്നും ഹൈക്കോടതി. 14 വര്‍ഷമായി ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞു കഴിയുന്ന ആലപ്പുഴ മാവേലിക്കര സ്വദേശിനിയുടെ വിവാഹമോചന ഹര്‍ജി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് സി. പ്രദീപ്കുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. വിവാഹമോചന ആവശ്യം ആലപ്പുഴ കുടുംബക്കോടതി തള്ളിയതിനെ തുടര്‍ന്ന് നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

2001-ല്‍ 17-ാമത്തെ വയസ്സില്‍ ഹര്‍ജിക്കാരി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ മാവേലിക്കര സ്വദേശിയോടൊപ്പം സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണ്. പിന്നീട് ഇയാള്‍ ആദ്യ ഭാര്യയില്‍നിന്ന് വിവാഹമോചനം നേടുകയും ഹര്‍ജിക്കാരിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതില്‍ ഒരു കുട്ടിയും ഉണ്ടായി. എന്നാല്‍, മദ്യപനും മറ്റ് സ്ത്രീകളുമായി ബന്ധങ്ങളും ഉണ്ടായിരുന്ന ഭര്‍ത്താവ് ഹര്‍ജിക്കാരിയെ ശാരീരികവും മാനസികവുമായി നിരന്തരം ഉപദ്രവിച്ചു. 2010-ല്‍ വലിയ തോതില്‍ ശാരീരിക ഉപദ്രവം ഏല്പിച്ചതോടെ ഹര്‍ജിക്കാരി സ്വന്തം വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്‌തെങ്കിലും കുടുംബജീവിതത്തില്‍ സാധാരണയായി ഉണ്ടാകുന്ന അസ്വാരസ്യത്തിനപ്പുറം മറ്റ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനില്ലെന്ന് വിലയിരുത്തി കുടുംബക്കോടതി ഹര്‍ജി തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

തോന്നിയപോലെ ജീവിതം നയിക്കുന്ന മദ്യപനായ ഭര്‍ത്താവില്‍നിന്ന് നേരിടുന്ന ഓരോ പ്രശ്‌നവും അക്കമിട്ട് വിശദീകരിക്കാനാകില്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. തന്നെ ഭാര്യയാണ് ഉപേക്ഷിച്ചതെന്ന എതിര്‍കക്ഷിയുടെ വാദമൊന്നും കണക്കിലെടുക്കാനാകില്ല. സഹിക്കാന്‍ കഴിയാത്ത സമ്മര്‍ദത്തില്‍നിന്ന് മോചനം വേണ്ടതുണ്ട്. 14 വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുന്നു. ഇതിനിടയില്‍ ഒരിക്കലും ഒന്നിച്ചുജീവിക്കാം എന്നു പറഞ്ഞ് ഭര്‍ത്താവ് എത്തിയിട്ടില്ല. തന്റെ ആഗ്രഹത്തിനു വിരുദ്ധമായി ഒരു സ്ത്രീയോട് വിവാഹ ജീവിതം തുടരാന്‍ നിര്‍ദേശിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News