കൊച്ചി: ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ പല മദ്യവില്‍പ്പന ശാലകളും അടച്ചുപൂട്ടി. മദ്യം വാങ്ങാന്‍ ഒരു നിയന്ത്രണവുമില്ലാതെ ആളുകളെത്തിയതോടെയാണ് ജീവനക്കാര്‍ക്ക് രോഗവ്യാപനമുണ്ടായത്.
ആലുവ, മൂവാറ്റുപുഴ, ആലപ്പുഴ ചുങ്കം വില്‍പ്പനശാലകള്‍ അടച്ചു. ഇവിടങ്ങളില്‍ രണ്ടും മൂന്നും ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അടച്ചിടാന്‍ തീരുമാനിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നുണ്ടെങ്കിലും ബിവറേജസില്‍ നിയന്ത്രണങ്ങള്‍ പാലിക്കാനാവുന്നില്ല.
ആളുകള്‍ ശാരീരിക അകലം പാലിക്കാതെയാണ് മദ്യം വാങ്ങാനെത്തുന്നത്. സുരക്ഷാജീവനക്കാരുടെ കുറവും രോഗവ്യാപനത്തിന് കാരണമായി. വൈകീട്ട് ഏഴുമണിക്കു കടകളടയ്ക്കണമെന്ന നിബന്ധനകൂടി വന്നതോടെ പകലത്തെ തിരക്ക് കൂടാനാണു സാധ്യത.
കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തില്‍ ചൊവ്വാഴ്ച മുതല്‍ സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പതുമുതല്‍ രാവിലെ അഞ്ചുമണിവരെ ചരക്ക്, പൊതു ഗതാഗതത്തെ ബാധിക്കാത്ത രീതിയിലായിരിക്കും നിയന്ത്രണം.
തിരഞ്ഞെടുപ്പുഫലം വരുന്ന മേയ് രണ്ടിന് ആഘോഷങ്ങളോ കൂടിച്ചേരലോ അനുവദിക്കില്ല. ആരാധനാലയങ്ങളിലും നിയന്ത്രണമുണ്ട്. രാത്രി ജനങ്ങള്‍ കൂട്ടംകൂടാനും പുറത്തിറങ്ങാനും കര്‍ശനനിയന്ത്രണമുണ്ട്. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ‘കോര്‍ഗ്രൂപ്പ്’ യോഗത്തിലാണ് തീരുമാനം.
പ്രധാന തീരുമാനങ്ങള്‍
അതിവേഗം പടരുന്ന ഡബിള്‍ മ്യൂട്ടന്റ് കോവിഡ് വൈറസ് കേരളത്തില്‍ വ്യാപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താന്‍ ആരോഗ്യവകുപ്പിനോടു നിര്‍ദേശിച്ചു.
ചൊവ്വാഴ്ചമുതല്‍ കേരളത്തിലുടനീളം ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് കാമ്പയിന്‍.
മാളുകളും മള്‍ട്ടിപ്ലക്‌സുകളും തിയേറ്ററുകളും വൈകുന്നേരം 7.30-ഓടെ അടയ്ക്കണം.
ടാക്‌സികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണത്തില്‍ നേരത്തേ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.
കോവിഡ് മാനദണ്ഡം പാലിക്കാതെ ആളുകള്‍ കൂട്ടംകൂടുന്ന സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ നിശ്ചിത ദിവസങ്ങള്‍ അടച്ചിടാന്‍ പോലീസ്, സെക്ടറല്‍മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ നടപടിയെടുക്കും.
സാധ്യമായ എല്ലാ മേഖലകളിലും വര്‍ക്ക് ഫ്രം ഹോം രീതി പ്രോത്സാഹിപ്പിക്കണം.
കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോവിഡുമായി ബന്ധപ്പെട്ട അവശ്യജോലികള്‍ക്ക് കളക്ടര്‍മാര്‍ നിയോഗിക്കും.
സ്വകാര്യ മേഖലയില്‍ ട്യൂഷന്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കണം. ഇത് വിദ്യാഭ്യാസവകുപ്പ് ഉറപ്പുവരുത്തും.
സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ എല്ലാ യോഗങ്ങളും പരിശീലന പരിപാടികളും മറ്റ് ഒത്തുചേരലുകളും ഓണ്‍ലൈനായി മാത്രമേ നടത്താവൂ.
എല്ലാ വകുപ്പുതല പരീക്ഷകളും പി.എസ്.സി. പരീക്ഷകളും മേയിലേക്കു മാറ്റണം.
ആരാധനാലയങ്ങളില്‍ ആരാധനകള്‍ ഓണ്‍ലൈനിലൂടെ നടത്തണം.
ഏപ്രില്‍ 21, 22 തീയതികളില്‍ മൂന്നുലക്ഷംപേരെ കോവിഡ് ടെസ്റ്റ് ചെയ്യാന്‍ മാസ് ടെസ്റ്റിങ് കാമ്പയിന്‍ നടത്തും.
ജില്ലാതല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ജില്ല, നഗര അതിര്‍ത്തികളില്‍ പ്രവേശനത്തിനായി ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടരുത്.
ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശഭരണ പ്രദേശങ്ങളിലെ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനും അവരെ ടെസ്റ്റ് ചെയ്യാനും ഊന്നല്‍ നല്‍കും.
സംസ്ഥാനത്തിന് ആവശ്യമായ ഓക്‌സിജന്‍, ടെസ്റ്റിങ് സാമഗ്രികള്‍, അവശ്യ മരുന്നുകള്‍, കിടക്കകള്‍ മുതലായവയുടെ ലഭ്യത ആരോഗ്യവകുപ്പ് ഉറപ്പാക്കും.