31.1 C
Kottayam
Friday, May 17, 2024

‘ഹിജാബില്ല’ലക്ഷദ്വീപ് സ്കൂളുകളിൽ യൂണിഫോം ‘പരിഷ്‌കരിച്ച്’ സർക്കുലർ; സംസ്കാരത്തെ തകർക്കാനെന്ന് വിമര്‍ശനം

Must read

കൊച്ചി: ലക്ഷദ്വീപിലെ സ്കൂളുകളിൽ വിദ്യാർഥികളുടെ യൂണിഫോം പരിഷ്‌കരിക്കാനുള്ള അഡ്മിനിസ്ട്രേഷന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ദ്വീപിന്റെ തനതായ സംസ്കാരത്തെ ഹനിക്കുന്ന രീതിയിലുള്ള നിർദേശങ്ങളാണ് പുതുതായി വന്നിട്ടുള്ളതെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഹംദുള്ള സയീദ് ആരോപിച്ചു. പുതിയ നീക്കത്തിനെതിരെ ക്ലാസ് ബഹിഷ്കരിക്കുന്നതുൾപ്പെടെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നയിപ്പു നൽകി. 

ഓഗസ്റ്റ് 10ന് പുറത്തിറക്കിയ സർക്കുലറിൽ ബെൽറ്റ്, ടൈ, ഷൂസ്, സോക്‌സ് തുടങ്ങിയവയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഹിജാബിനെ കുറിച്ച് പരാമർശമില്ല. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിട്ടും പെൺകുട്ടികൾക്ക് ഹിജാബോ സ്കാർഫോ സംബന്ധിച്ച നിർദ്ദേശങ്ങളൊന്നും ഇല്ലാത്തതാണ് ആക്ഷേപത്തിനു കാരണമായത്. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരും ദ്വീപ് അഡ്മിനിസ്ട്രേഷനും നിരന്തരമായി ജനവിരുദ്ധ നയങ്ങളാണ് സ്വീകരിച്ചുവരുന്നതെന്നും സയീദ് പറഞ്ഞു.

ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസലും ദ്വീപ് അഡ്മിനിസ്ട്രേഷന്റെ പുതിയ തീരുമാനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ദ്വീപിലെ മദ്യനയത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം വർധിച്ചുവരുന്നതിനിടെയാണ് പുതിയ നീക്കമെന്നും ഇത്തരം സമീപനങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നില്ലെന്നും ഫൈസൽ പറഞ്ഞു. ദ്വീപ് ജനതയുടെ സംസ്കാരം, മതവിശ്വാസം, വസ്ത്രധാരണം, ജീവിതരീതി എന്നിവയെല്ലാം ഹനിക്കുന്ന രീതിയിലാണ് ഭരണകൂടം ഇടപെടുന്നതെന്നും ഫൈസൽ പറയുന്നു.

സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും നൽകിയ സർക്കുലറിൽ സ്കൂൾ കുട്ടികൾ യൂണിഫോം ധരിക്കുന്നതിൽ ഏകത ഉറപ്പാക്കുമെന്നും വിദ്യാർഥികളിൽ അച്ചടക്കമനോഭാവം വളർത്തിയെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

നിശ്ചിത യൂണിഫോം പാറ്റേൺ അല്ലാതെ മറ്റ് ഇനങ്ങൾ ധരിക്കുന്നത് സ്കൂൾ കുട്ടികളിലെ ഏകതാ സങ്കൽപ്പത്തെ ബാധിക്കും. സ്കൂളുകളിൽ അച്ചടക്കവും ഒരേ ഡ്രസ് കോഡും നിലനിർത്തേണ്ടത് പ്രിൻസിപ്പൽമാരുടെയും സ്കൂൾ മേധാവികളുടെയും ഉത്തരവാദിത്തമാണെന്നും സർക്കുലറിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week