NationalNews

യുക്രെയ്ൻ രക്ഷാദൗത്യം കാര്യക്ഷമമല്ലെന്ന വിമർശനം രൂക്ഷം; പരമാവധി ചെയ്യുന്നുവെന്ന് കേന്ദ്രം, രക്ഷാദൗത്യത്തിന് ഇന്നു 12 വിമാനങ്ങൾ കൂടി

ന്യൂഡൽഹി: യുക്രെയ്ൻ രക്ഷാദൗത്യം കാര്യക്ഷമമല്ലെന്ന വിമർശനം, ഒരു വിദ്യാർഥി കൊല്ലപ്പെടുകകൂടി ചെയ്തതോടെ ശക്തമായി. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പരമാവധി െചയ്യുന്നുവെന്നാണു കേന്ദ്ര സർക്കാർ പറയുന്നത്. ഇതിനകം 12,000 ഇന്ത്യക്കാരെ യുക്രെയ്നിൽനിന്ന് ഒഴിപ്പിച്ചെന്നാണു സർക്കാർ കണക്ക്.

സ്ഥിതിഗതികൾ അതിവേഗം മാറിമറിഞ്ഞതാണു തടസ്സമാകുന്നതെന്നു വിദേശകാര്യ വിദഗ്ധർ സൂചിപ്പിക്കുന്നു. കിഴക്കൻ യുക്രെയ്നിൽ ഉള്ളവരെ റഷ്യയിലൂടെ പുറത്തെത്തിക്കാൻ ഏതാനും ദിവസംമുൻപേ ആലോചിച്ചിരുന്നു. എന്നാൽ, സുരക്ഷിതപാത ഉറപ്പാക്കുക എളുപ്പമല്ലെന്നു റഷ്യ വ്യക്തമാക്കിയതായാണു സൂചന.

രക്ഷാദൗത്യ വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ആദ്യ ദിവസങ്ങളിൽ രണ്ടോ മൂന്നോ വിമാനം വീതമാണ് പോയിരുന്നതെങ്കിൽ ഇന്നലെ 6 വിമാനങ്ങൾ അയച്ചു. ഇന്നു വ്യോമസേനയുടെ ഒരെണ്ണം ഉൾപ്പെടെ 12 വിമാനങ്ങൾ പോകും. 3 ദിവസത്തിനകം മൊത്തം 26 വിമാനങ്ങൾ പോകും.

ഇന്ത്യയിലെ റഷ്യൻ, യുക്രെയ്ൻ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി ഉൾപ്പെടെയുള്ളവർ നിരന്തര സമ്പർക്കത്തിലാണ്. എന്നാൽ, കാര്യങ്ങൾ ആരുടെ നിയന്ത്രണത്തിലെന്ന സ്ഥിതിയിൽ ഇരുരാജ്യങ്ങൾക്കും പരിമിതിയുണ്ടെന്നു സർക്കാർ വൃത്തങ്ങൾ പറയുന്നു. ലഭ്യമായ സുരക്ഷിത സ്ഥാനങ്ങളിൽ തുടരുന്നതാകും തൽക്കാലം ഉചിതം. പല രാജ്യങ്ങളും ഈ നിർദേശമാണത്രേ നൽകുന്നത്.

എന്നാൽ, സുരക്ഷിതമെന്നു കരുതാവുന്ന സ്ഥലങ്ങളിൽതന്നെ എത്ര ദിവസം തുടരാനാവുമെന്ന ആശങ്ക ഉന്നയിക്കപ്പെടുന്നുണ്ട്. ഹർകീവിലും മറ്റും ഇന്ത്യൻ വിദ്യാർഥികൾക്ക് ഭക്ഷണവും വെള്ളവും എത്തിച്ചിരുന്ന പലരും അവരുടെ സേവനം തുടരാനാവാത്ത സ്ഥിതിയാണെന്നു വ്യക്തമാക്കുന്നുണ്ട്.

കീവ്

റഷ്യയോടു ചേർന്ന കിഴക്കൻ യുക്രെയ്നിലെ ഹർകീവ്, സുമി നഗരങ്ങളിൽ മലയാളികളുൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണു കുടുങ്ങിക്കിടക്കുന്നത്. ഇവരെ റഷ്യൻ അതിർത്തി വഴി പുറത്തെത്തിക്കാനുള്ള സാധ്യത ഇന്ത്യയിലെ റഷ്യ, യുക്രെയ്ൻ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി ഹർഷ്‍വർധൻ ശൃംഗ്ല ചർച്ച ചെയ്തു.

മോസ്കോയിൽനിന്നുള്ള ഇന്ത്യൻ എംബസി സംഘം യുക്രെയ്ൻ അതിർത്തിയിൽനിന്ന് 70 കിലോമീറ്ററകലെ റഷ്യയിലെ ബെൽഗ്രോദിൽ എത്തിയിട്ടുണ്ടെങ്കിലും ശക്തമായ ആക്രമണം മൂലം കൂടുതൽ മുന്നോട്ടുപോകാനാകുന്നില്ലെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെ, തലസ്ഥാനമായ കീവിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരും അവിടെ നിന്നു പുറത്തുകടന്നതായി ഹർഷ്‌വർധൻ ശൃംഗ്ല ഇന്നലെ രാത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button