തിരുവനന്തപുരം: യുവസംരംഭകയുടെ സ്ഥാപനത്തില്‍ നിന്ന് കഞ്ചാവ് പിടിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. കൈത്തറി സംരംഭമായ വീവേഴ്സ് വില്ലേജിന്റെ ഉടമ തിരുവനന്തപുരം വഴയില സ്വദേശി ശോഭാ വിശ്വനാഥാണ് മാസങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചത്.
സംഭവത്തില്‍ യുവതി നിരപരാധിയാണെന്നും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്താല്‍ സുഹൃത്ത് കഞ്ചാവ് കൊണ്ടുവച്ച് കുടുക്കിയതാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതോടെയാണ് യുവതി കേസില്‍ നിന്നും രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ജനുവരി 21ന് ആണ് ശോഭയുടെ സ്ഥാപനത്തില്‍ നിന്ന് പോലീസ് കഞ്ചാവ് പിടിച്ചെടുത്തത്. തുടര്‍ന്ന് ശോഭയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പോരാടിയ ശോഭ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ സുഹൃത്ത് ഹരീഷും സഹായി വിവേക് രാജും ചേര്‍ന്നാണ് കഞ്ചാവ് കൊണ്ടുവച്ചതെന്നും പിന്നീട് പോലീസില്‍ വിളിച്ച് അറിയിച്ചതെന്നും കണ്ടെത്തിയത്. തുടര്‍ന്ന് ശോഭയ്ക്കെതിരായ കേസ് ഒഴിവാക്കിയ പോലീസ് ഹരീഷിനെയും വിവേകിനെയും പ്രതിചേര്‍ത്തു.