വയനാട്: എന്‍.ഡി.എ. സ്ഥാനാര്‍ഥിയാവാന്‍ കോഴ വാങ്ങിയെന്നാരോപണത്തില്‍ സി.കെ. ജാനുവിന്റെ ഫോണുകള്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. സി.കെ. ജാനു ഉപയോഗിക്കുന്ന രണ്ടുഫോണുകള്‍ ഉള്‍പ്പെടെ മൂന്ന് സ്മാര്‍ട്ട് ഫോണുകളാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
തന്റെയും, വളര്‍ത്തു മകളുടെയും, സഹോദരന്റെയും ഫോണുകളാണ് പിടിച്ചെടുത്തതെന്ന് സി.കെ. ജാനു പറഞ്ഞു. കേസില്‍ ഇത് വരെ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ജാനു അറിയിച്ചു.
ബത്തേരിയില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയാകാനായി ജാനുവിന് സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസിലാണ് ക്രൈം ബ്രാഞ്ചിന്റെ നടപടി. കേസില്‍ പ്രതിയായ സി.കെ. ജാനുവിന്റെ തിരുനെല്ലി പനവല്ലിയിലെ വീട്ടില്‍ ഇന്ന് രാവിലെ 7 മണിയോടെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.