തമ്മില്‍ത്തല്ലി,സി.പി.ഐ പ്രവര്‍ത്തകന്റെ വിരല്‍ കടിച്ചെടുത്തെടുത്ത് സി.പി.എം പ്രവര്‍ത്തകന്‍,തുപ്പിക്കളഞ്ഞ വിരല്‍ കണ്ടെടുത്തു

കൊല്ലം: സിപിഎം ലോക്കൽ കമ്മിറ്റി അംഗവും, സിപിഐ ബ്രാഞ്ച് അംഗവും തമ്മിൽത്തല്ലി. ഒടുവിൽ സിപിഐ അംഗത്തിന്റെ കൈ വിരൽ സിപിഎം അംഗം കടിച്ചെടുത്തു. മേലില മൂലവട്ടത്ത് ഞായർ രാത്രി 11നാണ് സംഭവം. 

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ സിപിഎം വിട്ട് സിപിഐയിലെത്തിയ മഹേഷിന്റെ വിരലാണു നഷ്ടമായത്. പാർട്ടി വിട്ടതു മുതൽ സിപിഎം പ്രവർത്തകരുമായി ചെറിയ തോതിൽ തർക്കങ്ങളുണ്ട്. ഞായറാഴ്ച വൈകിട്ട് ഒരു കല്യാണ വീട്ടില്‍ വച്ച് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മഹേഷും തമ്മില്‍ തര്‍ക്കമുണ്ടായി.

രാത്രി 11ന് മൂലവട്ടം ജംക്‌ഷനിൽ ഇവർ വീണ്ടും കണ്ടുമുട്ടി, തർക്കം കയ്യാങ്കളിയിലേക്കു നീങ്ങി. ഇതിനിടെ മഹേഷിന്റെ ഇടതു കയ്യിലെ തള്ളവിരൽ സിപിഎം അംഗത്തിന്റെ വായിൽ അകപ്പെട്ടു. ഇതോടെ ഇയാൾ വിരലിൽ അമർത്തിക്കടിച്ചു. 

അവിടെയുണ്ടായിരുന്നവർ ഇടപെട്ട് വിരൽ വായിൽ നിന്നു പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വിരലിൽ നിന്നു കടി വിട്ടത്. രക്തം ഒഴുകുന്നത് കണ്ട് പരിഭ്രാന്തിയിലായ നാട്ടുകാർ മഹേഷിനെയും കൊണ്ട് ആശുപത്രിയിലെത്തി.

അവിടെയെത്തുമ്പോഴാണ് വിരൽ ഇല്ലെന്ന വിവരം അറിയുന്നത്. മഹേഷിനെ ആശുപത്രിയിലാക്കി, ബന്ധുക്കളും നാട്ടുകാരും തിരികെയെത്തി സിപിഎം അംഗത്തെ സമീപിച്ചെങ്കിലും വിരൽ എവിടെയെന്നു പറഞ്ഞില്ല. 

ഒടുവിൽ അർധ രാത്രിയിൽ നടത്തിയ തിരച്ചിലിൽ ഇയാൾ തുപ്പിക്കളഞ്ഞ വിരൽ കണ്ടെത്തി മഹേഷിനെ പ്രവേശിപ്പിച്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തുന്നിച്ചേർക്കാൻ കഴിഞ്ഞില്ല. മഹേഷ് ഇന്നലെ രാത്രി ആശുപത്രി വിട്ടു.

സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നാണു പൊലീസിൽ നിന്നു ലഭിച്ച വിവരം. അതേസമയം സിപിഐ നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാൻ  ശ്രമിച്ചെങ്കിലും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News