കൊച്ചി: സിപിഎം (CPM)സംസ്ഥാന സമ്മേളനത്തിന് (CPM Kerala State Conference) കൊച്ചി മറൈൻഡ്രൈവിൽ തുടക്കം. മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദൻ (Anathalavattom Anandan) പതാക ഉയർത്തിയതോടെ നാല് ദിവസം നീളുന്ന സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം സിതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ സമ്മേളനം നടത്തുന്നത്.
മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാർട്ടി സമ്മേളനം വീണ്ടുമെത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി തുടർഭരണം ലഭിച്ചതിന്റെ പകിട്ടോടെയാണ് ഇത്തവണ സംസ്ഥാന സമ്മേളനം. പ്രവർത്തന സംഘടനാ റിപ്പോർട്ടുകൾക്ക് പുറമെ സംസ്ഥാന ഭരണം സംബന്ധിച്ച പ്രത്യേക രേഖയും സമ്മേളനത്തിൽ അവതരിപ്പിക്കും. 75 വയസെന്ന പ്രായപരിധി കർശനമാക്കുമ്പോൾ വൈക്കം വിശ്വൻ ,ആനത്തലവട്ടം ആനന്ദൻ,എംഎം മണി,ജി സുധാകരൻ അടക്കം പ്രമുഖർ ഇത്തവണ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെടും. മുഖ്യമന്ത്രിക്കും ജി സുധാകരനും ഇളവ് അനുവദിച്ചേക്കുമെന്നാണ് വിവരം.
എന്നാൽ സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹം ഇല്ലെന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജി സുധാകരൻ സിപിഎം സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. കത്ത് കൊടുത്ത വിവരം പുറത്ത് ആരോടും പറഞ്ഞിട്ടില്ലെന്നും തന്റെ ആവശ്യത്തിൽ അന്തിമ തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നുമാണ് ജി സുധാകരൻ വിഷയത്തിൽ പ്രതികരിച്ചത്. പ്രായ പരിധി കർശനമാക്കുമെന്ന തീരുമാനത്തിനിടെ 75 വയസ്സുള്ള ജി സുധാകരന് ഇളവു ലഭിക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയുള്ള കത്ത് ജി സുധാകരൻ പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും നൽകിയത്. എന്നാൽ ജി സുധാകരനെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കാൻ ആകില്ല എന്ന നിലപാടിലാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.