കൊച്ചി: പാര്‍ട്ടിയില്‍ നിന്നും അകന്നുപോയ ന്യൂനപക്ഷ വിഭാഗങ്ങള്‍ തിരിച്ചു വന്നിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍. ന്യൂനപക്ഷ വിഭാഗത്തെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്താന്‍ പ്രവര്‍ത്തകര്‍ തയാറാകണമെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കപ്പെടണം. അല്ലെങ്കില്‍ ഹൈന്ദവ വിഭാഗത്തെ കൂടെനിര്‍ത്താന്‍ കഴിയില്ല. കേരളത്തില്‍ വലതുപക്ഷ സാംസ്‌കാരിക മുന്നേറ്റം ശക്തമാണെന്നും ഇടതുപക്ഷ സാംസ്‌കാരിക മുന്നേറ്റം ദുര്‍ബലപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
മുതിര്‍ന്ന അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തുന്നതോടെ നാലുദിവസത്തെ സിപിഎം സംസ്ഥാന സമ്മേളനം ഇന്നു തുടങ്ങും. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് പതാക ഉയര്‍ത്തുന്ന വ്യക്തിയുടെ പേരു നിശ്ചയിച്ചത്. കുറച്ചുകാലങ്ങളായി സമ്മേളനവേദിയില്‍ വി.എസ്. അച്യുതാനന്ദനാണ് പതാക ഉയര്‍ത്തിയിരുന്നത്.
നാനൂറോളം പ്രതിനിധികളും 23 നിരീക്ഷകരും 86 സംസ്ഥാന സമിതിയംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഉച്ചയോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. പ്രതിനിധികളും നിരീക്ഷകരുമെല്ലാം കഴിഞ്ഞ ദിവസം തന്നെ സമ്മേളനനഗരിയിലെത്തിയിരുന്നു.
പതാകയുയര്‍ത്തിയതിനു ശേഷം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, സമ്മേളന നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ്, രക്തസാക്ഷി പ്രമേയാവതരണം എന്നിവ നടക്കും. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയോടെ സംസ്ഥാന സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള നയരേഖ അവതരിപ്പിക്കും.
പിന്നീട് ചര്‍ച്ചകളാണ്. ഇന്നും നാളെയുമായി പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ള ചര്‍ച്ചയും വ്യാഴാഴ്ച നയരേഖയിലുള്ള ചര്‍ച്ചയും നടക്കും. നാലിനാണ് സംസ്ഥാന സമിതിയംഗങ്ങളുടെയും പുതിയ സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ്. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തോടെ സംസ്ഥാന സമ്മേളനത്തിനു തിരശീല വീഴും.